ഐ.പി.എല്ലിന്റെ മീഡിയ ലേലം കഴിഞ്ഞതിന് പിന്നാലെ അടുത്ത സൈക്കിളിനുള്ള സംപ്രേക്ഷണാവകാശത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സ് ആര്‍ക്ക് ലഭിക്കുന്നു എന്നറിയാനും ലേലം കഴിയാനുമായിരുന്നു ഐ.സി.സി ഇതുവരെ കാത്തിരുന്നത്.
ഇപ്പോള്‍ ഐ.പി.എല്ലിന്റെ ലേലം കഴിഞ്ഞതിന് പിന്നാലെയാണ് ഐ.സി.സി. ഇവന്റ്‌സ് സംപ്രേക്ഷണം ചെയ്യാനുള്ള അവകാശത്തിന് മീഡിയകളെ ക്ഷണിച്ചിരിക്കുന്നത്.
ഐ.പി.എല്ലിനോളം പോന്ന തുകയ്ക്ക് ഐ.സി.സിയുടെ മീഡിയ റൈറ്റ്‌സ് വിറ്റുപോവില്ലെങ്കിലും ബ്രോഡ്കാസ്‌റ്റേഴ്‌സ് പ്രധാനപ്പെട്ട ഒരു ആശങ്ക ഐ.സി.സിക്ക് മുന്നില്‍ വെക്കുന്നുണ്ട്.
ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്‌സ് വിറ്റതുപോലെ ഒരു ഇ-ലേലം (E-Auction) നടത്താനാണ് ബ്രോഡ്കാസ്‌റ്റേഴ്‌സ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഐ.സി.സി ആ നിര്‍ദേശത്തോട് വിമുഖത കാണിക്കുകയും ക്ലോസ്ഡ് ഓക്ഷനുമായി (Closed Auction) മുന്നോട്ട് പോവാനുമാണ് ഉദ്ദേശിക്കുന്നത്.
തങ്ങളുടെ നടപടികള്‍ ഒരിക്കലും ബി.സി.സി.ഐയുടേത് പോലെയാണെന്ന് ധരിക്കരുതെന്നും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.
ഇന്‍സൈഡ്‌സ്‌പോര്‍ട്ടിനോടായിരുന്നു ഗ്രെഗ് ഇക്കാര്യം പറഞ്ഞത്.
‘ബി.സി.സി.ഐയുടേത് പോലെയല്ല ഞങ്ങളുടെ നടപടികള്‍, അത് വ്യത്യസ്തമാണ്. ഞങ്ങള്‍ ഈ വിഷയത്തെ എങ്ങനെയാണോ സമീപിക്കാനാഗ്രഹിക്കുന്നത്, ആ രീതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ ബാര്‍ക്ലേ പറയുന്നു.
എന്നാല്‍ ഐ.പി.എല്ലിന്റേതിന് സമാനമായ നടപടികള്‍ വേണമെന്നുതന്നെയാണ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബാര്‍ക്ലേ അത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല എന്ന നയം തന്നെയാണ് പിന്തുടരുന്നത്.
‘ബ്രോഡ്കാസ്‌റ്റേഴ്‌സിന് അവരുടേതായ നിലപാടുണ്ടായിരിക്കാം. പക്ഷേ അതില്‍നിന്നും വ്യത്യസ്തമായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഞങ്ങളുടെ അവകാശമാണ്. ചില നിര്‍ദേശങ്ങളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇത് തയ്യാറാക്കിയിരിക്കുന്നത്,’ ബാര്‍ക്ലേ കൂട്ടിച്ചേര്‍ത്തു.
2015 – 2023 സൈക്കിളിലെ ഐ.സി.സി ഇവന്റുകളുടെ പ്രക്ഷേപണാവകാശം ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ സൈക്കിളില്‍ മാറ്റം കൊണ്ടുവരാന്‍ ഐ.സി.സി ആഗ്രഹിക്കുന്നുണ്ട്.
എട്ടുവര്‍ഷത്തെ സൈക്കിള്‍ നേര്‍ പകുതിയാക്കി നാല് വര്‍ഷമാക്കാനാണ് ഐ.സി.സി തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള നാല് വര്‍ഷത്തെ സംപ്രേക്ഷണാവകാശത്തിനാണ് ഐ.സി.സി ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
Content Highlight: Broadcasters want IPL-like auction for Media Rights, but ICC says no