| Friday, 6th March 2020, 9:04 pm

ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തു; എഷ്യാനെറ്റിനും മീഡിയാ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണത്തിന് വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് 48 മണിക്കൂര്‍ നേരം ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്.

കേബില്‍ ടി.വി നെറ്റ വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

മീഡിയ വണ്ണിന്റെ ദല്‍ഹി കരസ്‌പോണ്‍ണ്ടന്റ് ആയ ഹസ്‌നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചും നോട്ടീസില്‍ പറയുന്നുണ്ട്.

നിലവില്‍ ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗു നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് 7.30 മുതലാണ് നിരോധനം നടപ്പാക്കി തുടങ്ങിയത്.

എന്നാല്‍ ഈ ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരോ അധികൃതരോ ഔദ്യോഗികമായി ഈക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

DoolNews Video

We use cookies to give you the best possible experience. Learn more