Bro Daddy Review | ബ്രോ ഡാഡി, നല്ല 'ഫ്രഷ്' ഗര്‍ഭകാല കഥ
Film Release
Bro Daddy Review | ബ്രോ ഡാഡി, നല്ല 'ഫ്രഷ്' ഗര്‍ഭകാല കഥ
അന്ന കീർത്തി ജോർജ്
Wednesday, 26th January 2022, 8:34 pm

നല്ല ഫ്രഷ് കഥ, അതിലും ഫ്രഷ് തമാശകള്‍, അതിനേക്കാല്‍ മുന്തിയ കുറച്ച് ഗര്‍ഭകാല ചിന്തകളും… ഇതാണ് പൃഥ്വിരാജിന്റ രണ്ടാം സംവിധാന സംരഭമായ ബ്രോ ഡാഡി. പ്രേക്ഷകരെ ചിരിപ്പിക്കാനായി പൃഥ്വിരാജും മോഹന്‍ലാലും ലാലു അലക്‌സുമെല്ലാം ചേര്‍ന്ന് നടത്തുന്ന രണ്ടര മണിക്കൂര്‍ നീണ്ട അതികഠിനമായ പ്രയത്‌നം കൂടിയാണ് ബ്രോ ഡാഡി. ഏറെ നാളുകള്‍ക്ക് ശേഷം ലാലു അലക്‌സിനെ ഒരു മുഴുനീള വേഷത്തിലും,
അടുത്തിടെ മോഹന്‍ലാലിനെ അല്‍പം രസകരമായ ഒരു വേഷത്തിലും കാണാന്‍ സാധിച്ചു എന്നത് മാത്രമാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്.

കാലങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയേക്കാമായിരുന്ന ഒരു സിനിമയ്ക്കുള്ള പ്ലോട്ടാണ് 2022ല്‍ റിലീസ് ചെയ്തിരിക്കുന്ന ബ്രോ ഡാഡിയിലേത്. ഇതിനൊപ്പം തന്നെ വളരെ ആര്‍ട്ടിഫിഷ്യലായ കോമഡികളും പാളിപ്പോയ തിരക്കഥയും സംവിധാനവുമാണ് ബ്രോ ഡാഡിയില്‍ കണ്‍നിറയെ കാണാന്‍ സാധിക്കുക.

ഫണ്‍ ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് എന്ന പ്രൊമോഷനുമായി എത്തിയ ചിത്രമായതുകൊണ്ട് തന്നെ ആദ്യം ഇതിലെ തമാശകളെ കുറിച്ച് പറയാം. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കൊണ്ടുമാത്രം ചിരി വന്ന ചില കോമഡികളുണ്ട് ബ്രോ ഡാഡിയില്‍. പക്ഷെ, അതങ്ങ് മാറ്റിനിര്‍ത്തിയാല്‍, ചോര കണ്ടാല്‍ തല ചുറ്റി വീഴുന്ന കോമഡികള്‍, ഈശോ എന്ന പേര് കേള്‍ക്കുമ്പോഴേ ആരുടെയും മനസില്‍ വരുന്ന കുറച്ച് കോമഡി ഡയലോഗുകള്‍, മധ്യവയസ്‌കരായവര്‍ ഗര്‍ഭിണികളായാലുള്ള കോമഡികള്‍, ദഹനക്കേട് കോമഡികള്‍ എന്നിങ്ങനെ കേട്ടു മടുത്ത എല്ലാ കോമഡികള്‍ കുത്തി നിറച്ചുകൊണ്ടാണ് സിനിമയുടെ വരവ്.

കഥയിലേക്ക് കടന്നാല്‍ അതിധനികരായ രണ്ട് കുടുംബങ്ങളും രണ്ട് ഗര്‍ഭങ്ങളും രണ്ട് തലമുറകളുമാണ് സിനിമയുടെ കഥാപരിസരം. കഥയക്ക് വലിയ പ്രാധാന്യമുള്ള രീതിയിലല്ല സിനിമ ഒരുക്കിയിരിക്കുന്നത്. തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കിയൊരു ഒരു സിനിമ മാത്രമാണ് ബ്രോ ഡാഡി.

ലൂസിഫര്‍ എന്ന സിനിമ ഇഷ്ടപ്പെടാത്തവര്‍ക്ക് പോലും പൃഥ്വിരാജിന്റെ സംവിധാനം മികച്ചതാണെന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ബ്രോ ഡാഡിയില്‍ ആ സംവിധാന മികവും പുറകോട്ട് തന്നെയാണ്. ശ്രീജിത്ത് എന്‍., ബിബിന്‍ മാളിയേക്കല്‍ എന്നിവരുടെ തിരക്കഥയിലുണ്ടായ പാളിച്ചകളെ മറികടക്കാനായില്ലെന്ന് മാത്രമല്ല, ചില സീനുകളില്‍ കട്ട ക്രിഞ്ചിലേക്ക് പോകും വിധമായിട്ടുണ്ട് സംവിധാനം. പിന്നെ സിനിമയില്‍ ലൈഫ് ലെസണ്‍സ് പോലെ പറയുന്ന ഡയലോഗുകളും നല്ല ബോറായിരുന്നു.

സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ഓരോ ഘടകങ്ങളും സ്‌റ്റൈലിഷായാണ് ഒരുക്കിയിരിക്കുന്നത്. ക്യാമറയിലും കളര്‍ ടോണിലും കോസ്റ്റിയൂംസിലും തുടങ്ങി മൊത്തം സെറ്റിങ്ങിലും അത് പ്രകടമാണ്. മോഹന്‍ലാലും പൃഥ്വിരാജും പാടിയ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങ് തുടക്കത്തിലെ സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടുവരാന്‍ സഹായിക്കുന്നുണ്ട്.

അബോര്‍ഷനെ കുറിച്ച് ഏറ്റവും പ്രോഗ്രസീവായ ചര്‍ച്ചകള്‍ നടക്കുന്ന ഈയൊരു കാലഘട്ടത്തില്‍ ഗര്‍ഭധാരണത്തെ കുറിച്ചുള്ള കുറെ അറുപഴഞ്ചന്‍ ആശയങ്ങളുമായാണ് സിനിമയെത്തുന്നത്. ആക്‌സിഡന്റല്‍ പ്രെഗനന്‍സിയാണെങ്കിലും കുഞ്ഞിനായി നിങ്ങള്‍ തയ്യാറല്ലെങ്കിലും അങ്ങനെ കാരണമെന്തായാലും അബോര്‍ഷന്‍ പാടില്ല എന്ന രീതിയിലേക്കാണ് സിനിമ കാര്യങ്ങളെ പറഞ്ഞുവെക്കുന്നത്.

ഇതും ഒരു മനുഷ്യജീവനാണ് എന്ന ഡയലോഗൊക്കെയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കൊണ്ട് തന്നെ ഇതെല്ലാം പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊ ലൈഫ് സംഘടനക്കാര്‍ക്കുള്ള ഒരു പരസ്യം പോലെയാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്.

ഭാര്യ ഗര്‍ഭിണിയായാല്‍ അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഭര്‍ത്താവടങ്ങുന്ന പുരുഷ സംഘത്തിന്റെ കുറെ കരുത്തു തെളിയക്കല്‍ ടൈപ്പ് അളിഞ്ഞ കോമഡികളും സിനിമയിലുണ്ട്. അതുപോലെ ഉയരക്കൂടുതലുള്ളവരെ സിനിമയില്‍ കാണിച്ചിരിക്കുന്നതും ബോഡി ഷേമിങ്ങ് രീതിയിലായിരുന്നു. സ്ത്രീ കഥാപാത്രങ്ങളുടെ കാര്യത്തിലും ഒരു പിന്തിരിപ്പന്‍ രീതിയാണ് സിനിമ പിന്തുടരുന്നത്. ഇങ്ങനെ നോക്കുമ്പോള്‍, പുറത്തുപറയുന്ന അത്രയും പുരോഗമനമൊന്നും പൃഥ്വിരാജ് സിനിമയെടുക്കുമ്പോള്‍ കാണുന്നില്ല എന്ന ഒരു തോന്നലുണ്ടാക്കുന്നുണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍.

ചിത്രത്തിലെ ലാലു അലക്‌സിന്റെ കുരിയനും പൃഥ്വിരാജിന്റെ ഈശോ ജോണ്‍ കാറ്റാടിയും പരസ്യമേഖലയില്‍ വര്‍ക്ക് ചെയ്യുന്നവരായിരുന്നതു കൊണ്ടാണോ എന്നറിയില്ല, സിനിമ മുഴുവന്‍ പ്രൊഡക്ട് പ്ലേസ്‌മെന്റാണ്. വസ്ത്രങ്ങളുടെയും ഹോട്ടലിന്റെയും സ്വര്‍ണക്കടയുടെയുമൊക്കെ ബോര്‍ഡുകളും ബ്രാന്റുകളെ കുറിച്ച് കഥാപാത്രങ്ങള്‍ തന്നെ പുകഴ്ത്തി പറയുന്ന ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. ഇതു കൂടാതെ സിനിമയുടെ മേക്കിങ്ങില്‍ മൊത്തത്തില്‍ ഒരു പരസ്യചിത്രത്തിന്റെ സ്വഭാവം നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ഓര്‍ത്തുവെക്കാവുന്ന ഒരു കഥാപാത്രം പോലും ബ്രോ ഡാഡിയിലില്ല. എങ്കിലും ഏറെ നാളുകള്‍ക്ക് ശേഷം ലാലു അലക്‌സിനെ ഒരു മുഴുനീള വേഷത്തില്‍ കാണാന്‍ സാധിച്ചത് സന്തോഷിപ്പിച്ചിരുന്നു. ചില ഇമോഷണല്‍ സീനുകളടക്കം തന്റെ ഭാഗങ്ങള്‍ ഭംഗിയായി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കുരിയനെ അതിലും മികച്ചതാക്കാനുള്ള സ്‌പേസൊന്നും സിനിമയിലുണ്ടായിരുന്നുമില്ല. വളരെ കുറച്ച് സീനുകളിലേ ഉള്ളുവെങ്കിലും ജഗദീഷ് തന്റെ സീനുകള്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തത്, മോഹന്‍ലാലിന്റെ ജോണ്‍ കാറ്റാടിയാണ്. സിനിമയുടെ തുടക്കത്തില്‍ കാറ്റാടി ടി.എം.ടി സ്റ്റീലിന്റെ പരസ്യത്തിലെത്തുന്ന മോഹന്‍ലാലിന്റെ സീന്‍ കുറച്ച് ചിരിപ്പിച്ചിരുന്നു. ബാക്കി സീനുകളിലെല്ലാം കളിയും ചിരിയുമായി എത്തിയിരുന്ന വിന്റേജ് മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരാന്‍ പൃഥ്വിരാജ് കിണഞ്ഞു ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല.

ചില ഭാഗങ്ങളില്‍ പൃഥ്വിരാജിന്റെ കോമഡിക്ക് സ്വാഭാവികമായ ഒഴുക്കുണ്ടെങ്കിലും, ഒട്ടുമിക്ക സീനുകളിലും മുന്‍ചിത്രങ്ങളിലെ അതേ ബലംപിടുത്തം ഇതിലും തുടരുന്നുണ്ട്.

ചിതത്തില്‍ സ്ത്രീകഥാപാത്രങ്ങളുടെ അവതരിപ്പിച്ചിരിക്കുന്ന രീതിയും മികച്ചതല്ലായിരുന്നു. കനിഹയുടെ എല്‍സിയും മീനയുടെ അന്നയും നല്ല വസ്ത്രമൊക്കെ ധരിച്ച് വീട്ടില്‍ കുക്ക് ചെയ്യാനായി നിര്‍ത്തിയിരിക്കുന്നവരായി മാത്രമായാണ് എത്തുന്നത്. എല്ലാ സിനിമകളിലെയും എല്ലാ സ്ത്രീകളും ജോലിക്ക് പോകുന്നവരായിരിക്കണമെന്നല്ല, പക്ഷെ ഒരു വ്യക്തിതത്വമോ സിനിമയുടെ കഥയില്‍ ഒരു റോളോ ഇല്ലാത്തവരായി തന്നെ സത്രീ കഥാപാത്രങ്ങളെ നിലനിര്‍ത്തുന്നത് വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.

ഈ രണ്ട് കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കല്യാണി പ്രിയദര്‍ശന്റെ അന്ന കൂട്ടത്തില്‍ മെച്ചപ്പെട്ട റോളുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. പക്ഷെ ആ ക്യാരക്ടറിനെ വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ കല്യാണിക്കായിട്ടില്ല.

സിനിമയില്‍ ഏറ്റവും മോശം കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുമായി തോന്നിയത് സൗബിന്റെ ഹാപ്പിയാണ്. നേരത്തെ ചില തമിഴ് സിനിമകളില്‍ കഥയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത ചില കോമഡി കഥാപാത്രങ്ങള്‍ വരാറുണ്ടായിരുന്നു. ആ രീതിയിലാണ് ചിത്രത്തില്‍ സൗബിനെ പോലൊരു നടനെ പൃഥ്വിരാജ് ഉപയോഗിച്ചിരിക്കുന്നത്. കണ്ടിരിക്കാന്‍ പോലും തോന്നാത്ത കോമഡി സീക്വന്‍സുകളാണ് സൗബിനിലൂടെ പൃഥ്വിരാജ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

കഥയും തിരക്കഥയും സംവിധാനവും പെര്‍ഫോമന്‍സുകളും മേക്കിങ്ങും കൊണ്ട് ശരാശരിക്കും താഴേക്ക് പോകുന്ന ഒരു കോമഡി എന്റര്‍ടെയ്ന്‍മെന്റ് ശ്രമമാണ് പൃഥ്വിരാജ് – മോഹന്‍ലാല്‍ ടീമിന്റെ ബ്രോ ഡാഡി.


Content Highlight: Bro Daddy Review | Mohanlal, Prithviraj, Lalu Alex

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.