| Thursday, 13th January 2022, 6:24 pm

പഴയ തലമുറയിലേയും പുതിയ തലമുറയിലേയും ഗായകര്‍ ഒന്നിച്ചു; ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ആദ്യ ഗാനം പുറത്ത്. മോഹന്‍ലാല്‍, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ എന്നീ പ്രധാനതാരങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മലയാളത്തിലെ പഴയ തലമുറയിലും പുതിയ തലമുറയിലും പെട്ട രണ്ട് ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കാണിക്കുന്ന രംഗങ്ങളില്‍ എം.ജി. ശ്രീകുമാറും, പൃഥ്വിരാജിനെ കാണിക്കുന്ന രംഗങ്ങളില്‍ വിനീത് ശ്രീനിവാസനും ആണ് പാടിയിരിക്കുന്നത്.

ദീപക് ദേവാണ് സംഗീത സംവിധായകന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫറിലും ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.

മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി എന്നിവര്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്.

ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് ഗാനമാലപിക്കുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bro daddy first song out

We use cookies to give you the best possible experience. Learn more