ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനസ്പര്‍ശവുമായി ചാള്‍സ് രാജകുമാരനെത്തി. കിങ്‌സ് കോളജ് ആശുപത്രിയിലെത്തിയ രാജകുമാരന്‍ ചികില്‍സയില്‍ കഴിയുന്നവരെ അടുത്തിരുന്നും കുശലം പറഞ്ഞും ആശ്വസിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എട്ടുപേര്‍ ഇപ്പോഴും കിങ്‌സ് കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
അതേസമയം, അക്രമി ഖാലിദ് മസൂദിന്റെ ചിത്രം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പുറത്തുവിട്ടു. ചെറുപ്പത്തില്‍ മസൂദ് അംഗമായിരുന്ന ഫുട്‌ബോള്‍ ടീമിനൊപ്പമുള്ള ചിത്രമാണ് പൊലീസിന് ആദ്യം ലഭിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പരും പൊലീസ് പ്രസിദ്ധീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും അറസ്റ്റുകളും തുടരുകയാണ്. ഇതുവരെ ഒമ്പതുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് തൊട്ടുമുമ്പ് അക്രമി വാട്‌സാപ്പുവഴി സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്റെ ഉള്ളടക്കവും നമ്പരുകളും കണ്ടെത്തിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
അതേസമയം, ആക്രമണം നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിലും പാര്‍ലമെന്റ് മന്ദിരത്തിനുമുന്നിലും ആയിരക്കണക്കിനാളുകള്‍ എത്തി പുഷ്പാഞ്ജലിയര്‍പ്പിച്ചു. ഇപ്പോഴും ഇവിടം സന്ദര്‍ശിക്കാന്‍ നിരവധിയാളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഭാര്യയും സംഭവസ്ഥലം സന്ദര്‍ശിച്ചു.