ന്യൂദല്‍ഹി: അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചാനല്‍ ചര്‍ച്ചയിലേക്കുള്ള ക്ഷണം നിരാകരിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ബ്രിട്ടീഷ് എഴുത്തുകാരനുമായ ആതിഷ് തസീര്‍. അര്‍ണബ് ഗോസ്വാമിയോട് ഇനിയെങ്കിലും കുറച്ച് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ആതിഷ് റിപ്പബ്ലിക് ടിവിക്ക് മറുപടി അയച്ചത്.
റിപ്പബ്ലിക് ടിവിയുടെ ഇ-മെയിലും അതിന് നല്‍കിയ മറുപടിയുടെയുമുള്ള ചിത്രവും ആതിഷ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാശ്ചാത്യമാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ റിബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി നടത്തുന്ന ചാനല്‍ ചര്‍ച്ചയിലേക്കായിരുന്നു ആതിഷിനെ ക്ഷണിച്ചത്. വ്യാഴാഴ്ച രാവിലെ വന്ന മെയിലിന് ഉടനടി തന്നെ ആതിഷ് മറുപടി നല്‍കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ നിങ്ങളുടെ ക്ഷണത്തിന് നന്ദി. പക്ഷെ ഞാന്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല, പ്രത്യേകിച്ച് ഇത്രയും പരിഹാസ്യമായ ഒരു വിഷയത്തില്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ റിപ്പബ്ലിക് ടിവിയെ വെല്ലാന്‍ ആരുമില്ലെന്ന് നിങ്ങള്‍ക്ക് അറിയുമായിരിക്കുമല്ലോ. അര്‍ണബ് ഗോസ്വാമിയോട് എന്റെ അന്വേഷണം പറയണം. ഒപ്പം അര്‍ണബിനോട് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞെന്നും പറയണം.’ – ആതിഷ് ട്വിറ്ററില്‍ പങ്കുവെച്ച റിപ്പബ്ലിക് ടിവി പ്രതിനിധിക്കയച്ച മറുപടി.
‘വിരോധാഭാസമൊന്നുമില്ല – പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന വിഷയത്തില്‍ റിപ്പബ്ലിക് ടിവി നടത്തുന്ന ചര്‍ച്ച – എനിക്ക് മനസ്സിലാക്കാനാകുന്നേ ഇല്ല’ എന്ന പരിഹാസത്തോടെയായിരുന്നു ആതിഷ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
മോദിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ടൈം മാഗസിനില്‍ ആതിഷ് തസീര്‍ എഴുതിയിരുന്നു. ‘ഡിവൈഡര്‍-ഇന്‍-ചീഫ്’ എന്ന് മോദിയെ വിശേഷിപ്പിച്ച കവറോടു കൂടിയാണ് 2019 മെയില്‍ ടൈം ഇറങ്ങിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് വന്ന ലേഖനം വലിയ വാര്‍ത്തയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആതിഷിന്റെ ഓവര്‍സീസ് ഇന്ത്യന്‍ പൗരത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ആതിഷിന്റെ പിതാവ് പാക്കിസ്ഥാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി എന്നാല്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചുവരുന്ന ആതിഷിനെതിരെ പെട്ടെന്നുണ്ടായ നടപടി മോദിയെ വിമര്‍ശിച്ചിതിനെതിരെയുള്ള പ്രതികാരനടപടിയാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.