ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്റെ ഓര്‍മകുറിപ്പ് ‘സ്പെയര്‍’ പുറത്തിറങ്ങി. പുസ്തകത്തിന് വലിയ ഡിമാന്റാണ് പുറത്തിറങ്ങിയ ശേഷമുള്ളത്.
കഴിഞ്ഞ ദിവസം രാത്രി വൈകിയും യു.കെയില്‍ പുസ്തക കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ സ്പെയര്‍ ബെസ്റ്റ് സെല്ലറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 16 ഭാഷകളിലും അതിന്റെ ഓഡിയോ ബുക്കായും പുസ്തകം ലഭ്യമായി തുടങ്ങി.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിലെ അധികാര ദുര്‍വിനിയോഗങ്ങളും വംശീയതയും പ്രധാനപ്പെട്ട മറ്റ് വെളിപ്പെടുത്തലുകളും ഓര്‍മക്കുറിപ്പില്‍ ഉണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1992ല്‍ പുറത്തിറക്കിയ ഹാരിയുടെ അമ്മയുടെ ഓര്‍മക്കുറിപ്പായ ‘ഡയാന: ഹെര്‍ ട്രൂ സ്റ്റോറി’ക്ക് ശേഷം ബെസ്റ്റ് സെല്ലറാകുന്ന പുസ്തകമാകും സ്പെയര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടയില്‍ പുസ്തകത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് സംബന്ധിച്ചും റിപ്പോര്‍ട്ടുകളുണ്ട്. പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പേ വിവാദങ്ങളുണ്ടായിരുന്നു. സഹോദരന്‍ വില്ല്യമിനോട് പുസ്തത്തിന്റെ പേരില്‍ ഹാരി വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബ്രിട്ടീഷ് വ്യോമസേനയില്‍ സേവനമനുഷ്ടിച്ചിരുന്ന സമയത്ത് വ്യോമാക്രമണങ്ങളിലൂടെ 25 താലിബാന്‍ സൈനികരെ കൊലപ്പെടുത്തിയതായി തന്റെ ഓര്‍മക്കുറിപ്പില്‍ ഹാരി വെളിപ്പെടുത്തുന്നുണ്ട്.
25 പേരെ കൊലപ്പെടുത്തിയതിനെ ചെസ്സ് ബോര്‍ഡിലെ കരുക്കള്‍ നീക്കിയതുപോലെയാണ് അദ്ദേഹം അത്മകഥയില്‍ വിശേഷിപ്പിക്കുന്നതെന്നാണ് വിവിധ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Content Highlight: British royal family member Prince Harry’s memoir ‘Spare’ released