| Saturday, 16th November 2024, 12:15 pm

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നില്‍ മാംസാഹാരം വിളമ്പി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ദീപാവലി ആഘോഷത്തിന് മാംസവും മദ്യവും നല്‍കിയ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറിന്റെ ഓഫീസ്. ദീപാവലി ചടങ്ങില്‍ മദ്യവും നോണ്‍വെജും വിളമ്പിയതില്‍ നിരവധി വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് സംഭവം വിവാദമായത്.

ചടങ്ങില്‍ ഇത്തരം ഭക്ഷണങ്ങള്‍ വിളമ്പിയതില്‍ ബ്രിട്ടീഷ് ഹിന്ദുക്കളില്‍ നിന്നുതന്നെയായിരുന്നു വിമര്‍ശനം ഉയര്‍ന്നിരുന്നത്. പിന്നാലെ ദീപാവലി ആഘോഷത്തില്‍ ഉണ്ടായ പിശകില്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ ഓഫീസ് ക്ഷമാപണം നടത്തുകയായിരുന്നു.

ഓഫീസിന്റെ മറുപടി പ്രസ്താവനയില്‍ ഭക്ഷണത്തിന്റെ മെനുവിനെ പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രതിനിധി ആശങ്കകള്‍ അംഗീകരിക്കുന്നതായും ഇനിയുള്ള ആഘോഷങ്ങളില്‍ ഇത്തരം പിശകുകള്‍ ആവര്‍ത്തിക്കില്ലെന്നുറപ്പ് നല്‍കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഈ വിഷയത്തിന്റെ പ്രശ്‌നങ്ങളുടെ ശക്തി എത്രത്തോളമാണെന്ന് ഞങ്ങള്‍ മനസിലാക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് കമ്മ്യൂണിറ്റിക്ക് ഉറപ്പുനല്‍കുകയും ചെയ്യുന്നു,’ വക്താവ് പറഞ്ഞു.

ആഘോഷ ദിനത്തിലുണ്ടായ പിഴവില്‍ ആശങ്കകളറിയിച്ച് ബ്രിട്ടീഷ് ഇന്ത്യന്‍ കണ്‍സര്‍വേറ്റീവ് എം.പി ശിവാനി രാജ കെയര്‍ സ്റ്റാര്‍മറിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് മാപ്പ് അറിയിച്ചത്.

ദീപാവലി ആഘോഷത്തില്‍ ഉണ്ടായ സംഭവങ്ങള്‍ ഹിന്ദുക്കളുടെ ആചാരവുമായി പൊരുത്തപ്പെടില്ലെന്നും ഹിന്ദു പാരമ്പര്യങ്ങളെക്കുരിച്ചുള്ള അറിവില്ലായ്മയാണിതെന്നും എം.പി ശിവാനി അയച്ച കത്തില്‍ വിമര്‍ശിച്ചിരുന്നു.

ദിപാവലി ദിനത്തില്‍ സംഘടിപ്പിച്ച വിരുന്നില്‍ മട്ടന്‍ കബാബ്, മാംസം, ബിയര്‍, വൈന്‍ എന്നിവ വിളമ്പിയെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ആരോപിച്ചിരുന്നത്. 2023ല്‍ പ്രധാനമന്ത്രി റിഷി സുനക് നടത്തിയ ദീപാവലി വിരുന്നില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ പ്രതികരിച്ചത്.

കെയ്ര്‍ സ്റ്റാര്‍മാരുടെ ഔദ്യോഗിക വസതിയില്‍വെച്ചാണ് ദീപാവലി വിരുന്ന് നടന്നത്. കമ്യൂണിറ്റി ലീഡര്‍മാര്‍ ഉള്‍പ്പെടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്‍, കുച്ചിപ്പുടി അവതരണം അടക്കം സഘടിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷം.

Content Highlight: British Prime Minister’s Diwali Dinner Served Meat; The Prime Minister’s Office apologized

We use cookies to give you the best possible experience. Learn more