ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജി വെച്ചു. മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുമുള്ള ജോണ്‍സന്റെ രാജി.
എന്നാല്‍ ഒക്ടോബര്‍ വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.
നേരത്തെ താന്‍ രാജി വെക്കില്ലെന്നും ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവില്‍ മാത്രം ആവശ്യപ്പെടുന്ന കാര്യമായിരിക്കുമെന്നും ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാജി പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
കൊവിഡ് മഹാമാരിക്കിടയിലെ പാര്‍ട്ടിഗേറ്റ് വിവാദമടക്കം നിരവധി ആക്ഷേപങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ രാജി വെച്ചതോടെയായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച, കാബിനറ്റ് മന്ത്രിമാരായ സജിദ് ജാവിദ്, റിഷി സുനക് എന്നിവരായിരുന്നു രാജി വെച്ചത്.
പിന്നീടാണ് ജൂനിയര്‍ മന്ത്രിമാരും മറ്റ് പാര്‍ലമെന്റംഗങ്ങളും കൂട്ടത്തോടെ രാജിയിലേക്ക് നീങ്ങിയത്.
ഇതിന് പുറമെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ ഭാഗമായ മറ്റ് അംഗങ്ങള്‍ എന്നിവരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂട്ടത്തോടെ രാജി വെക്കുന്നുണ്ട്. എം.പിമാരും മന്ത്രിമാരും മറ്റ് സര്‍ക്കാര്‍ പ്രതിനിധികളുമടക്കം 40ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ആവശ്യമുന്നയിച്ച മുതിര്‍ന്ന മന്ത്രിയായ മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നിരുന്നു.
ബ്രെക്സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു മൈക്കല്‍ ഗോവ്.
അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ രാജി വെച്ചിരിക്കുന്നത്.
പാര്‍ട്ടിഗേറ്റ് വിവാദമായിരുന്നു സര്‍ക്കാരില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നടത്തിയെന്ന ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തില്‍ പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് നിരവധി എം.പിമാര്‍ ആരോപിച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രൊമോഷന്‍ നല്‍കിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
Content Highlight: British prime minister Boris Johnson resigns