ലണ്ടന്‍: ബ്രിട്ടന്‍- ചൈന ബന്ധത്തിലെ സുവര്‍ണ കാലഘട്ടം അവസാനിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യത്തെ വിദേശനയ പ്രസംഗത്തിലായിരുന്നു സുനകിന്റെ പരാമര്‍ശം.
വ്യാപാരം സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്‌കരണത്തിലേക്ക് സമൂഹത്തെ നയിക്കുമെന്ന ആശയവും ഇതോടൊപ്പം അവസാനിച്ചുവെന്നും സുനക് വ്യക്തമാക്കി.
കഴിഞ്ഞ പതിറ്റാണ്ടിലെ യു.കെ- ചൈന സാമ്പത്തിക ബന്ധങ്ങള്‍ നിഷ്‌കളങ്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
”നമുക്ക് വ്യക്തമായി തന്നെ പറയാം, ‘സുവര്‍ണ കാലഘട്ടം’ എന്ന് പറയപ്പെടുന്ന കാലം അവസാനിച്ചു, വ്യാപാരം സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്‌കരണത്തിലേക്ക് നയിക്കുമെന്ന നിഷ്‌കളങ്കമായ ആശയവും,” യു.കെ പ്രധാനമന്ത്രി പറഞ്ഞു.
2015ല്‍ ചൈന- ബ്രിട്ടീഷ് ബന്ധത്തെ ‘സുവര്‍ണ കാലഘട്ടം’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടന്റെ മുന്‍ ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണിന്റെ പരാമര്‍ശത്തിന്റെ മറുപടിയായിട്ടായിരുന്നു റിഷി സുനകിന്റെ പ്രതികരണം.
ബ്രിട്ടന്റെ മൂല്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ചൈന ‘വ്യവസ്ഥാപരമായ’ വെല്ലുവിളി (‘systemic’ challenge) ഉയര്‍ത്തുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ആഗോളതലത്തിലുള്ള സ്വാധീനത്തിനായി ചൈന ബോധപൂര്‍വ്വം മത്സരിക്കുകയാണെന്നും സുനക് ആരോപിച്ചു.
ഇനിയൊരു ശീതയുദ്ധത്തിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ സുനക്, ചൈനയുടെ അന്താരാഷ്ട്ര പ്രധാന്യത്തെ വിസ്മരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാകില്ലെന്നും അതിനാല്‍ ചൈനയോടുള്ള സമീപനത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തേണ്ടി വരുമെന്നും വ്യക്തമാക്കി.