| Saturday, 21st January 2023, 9:05 am

കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; റിഷി സുനകില്‍ നിന്ന് പിഴയീടാക്കി ബ്രിട്ടീഷ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകില്‍ നിന്നും പിഴ ഈടാക്കി പൊലീസ്. സംഭവത്തിന്റെ വീഡിയോ പുറത്തുവരികയും ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചതായി പൊലീസ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.

വടക്കന്‍ ഇംഗ്ലണ്ടില്‍ യാത്ര ചെയ്യുന്നതിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറിന്റെ പിന്‍സീറ്റിലിരുന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ചിത്രീകരിച്ച ഒരു വീഡിയോയാണ് പുറത്തുവന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയായിരുന്നു.


പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് റിഷി സുനക് രംഗത്തെത്തിയിരുന്നു. ‘ജഡ്ജ്‌മെന്റിലുണ്ടായ ചെറിയ പിഴവ്’ എന്നായിരുന്നു സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ സീറ്റ് ബെല്‍റ്റ് ഊരിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”ജഡ്ജ്‌മെന്റില്‍ ഒരു ചെറിയ പിഴവ് സംഭവിച്ചു. ഒരു ചെറിയ വീഡിയോ ക്ലിപ്പ് ചിത്രീകരിക്കാനായിരുന്നു പ്രധാനമന്ത്രി തന്റെ സീറ്റ് ബെല്‍റ്റ് ഊരിമാറ്റിയത്.

ഇതൊരു തെറ്റാണെന്ന് അദ്ദേഹം പൂര്‍ണമായും അംഗീകരിക്കുകയും അതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് തന്നെയാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്,” റിഷി സുനക്കിന്റെ വക്താവ് വിഷയത്തില്‍ പ്രതികരിച്ചു.

സംഭവത്തില്‍ റിഷി സുനകില്‍ നിന്നും പിഴ ഈടാക്കിയതായി ലങ്കാഷൈര്‍ പൊലീസ് തുടര്‍ന്ന് അറിയിക്കുകയായിരുന്നു. റിഷി സുനകിന്റെ പേര് പരാമര്‍ശിക്കാതെ ട്വിറ്റര്‍ പേജിലൂടെയും പൊലീസ് ഇക്കാര്യം പുറത്തുവിട്ടു.

”ലങ്കാഷൈറില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ഒരു യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ ഇന്ന് (ജനുവരി 20) ലണ്ടനില്‍ നിന്നുള്ള 42കാരനായ ഒരാളില്‍ നിന്ന് നിശ്ചിത പിഴ ഈടാക്കാന്‍ തീരുമാനിച്ചു,” ലങ്കാഷൈര്‍ പൊലീസിന്റെ ട്വീറ്റില്‍ പറയുന്നു.

100 പൗണ്ടാണ് പിഴയായി ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ 14 വയസ് പൂര്‍ത്തിയായ എല്ലാവരും കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിര്‍ബന്ധമാണ്.

Content Highlight: British PM Rishi Sunak Gets Fined By Police For Not Wearing Seatbelt in car

We use cookies to give you the best possible experience. Learn more