'ആരതി ഉഴിയല്‍, അനുഗ്രഹം വാങ്ങല്‍'; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിനിടെ ഗോ പൂജ നടത്തി റിഷി സുനക്
World News
'ആരതി ഉഴിയല്‍, അനുഗ്രഹം വാങ്ങല്‍'; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിനിടെ ഗോ പൂജ നടത്തി റിഷി സുനക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th August 2022, 5:22 pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ‘ഗോ പൂജ’ നടത്തി. ലണ്ടനില്‍ വെച്ചായിരുന്നു പൂജ നടത്തിയത്.

പശുക്കളെ ‘പൂജിക്കുന്നതിന്റെ’ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപകമായി പ്രചരിക്കുകയാണ്.

റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയുമാണ് പൂജ നടത്തിയത്. അക്ഷത മൂര്‍ത്തി പശുക്കള്‍ക്ക് മുന്നില് മതാചാര പ്രകാരം ആരതി ഉഴിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇരുവരുടെയും അടുത്ത് ഒരു മതപുരോഹിതന്‍ നില്‍ക്കുന്നതും അയാള്‍ ഇവര്‍ക്ക് വിളക്ക് കൈമാറുന്നതും റിഷി സുനകും ഭാര്യയും ചേര്‍ന്ന് പശുവിന്റെ ‘അനുഗ്രഹം’ വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പെ ജന്മാഷ്ടമി ആഘോഷങ്ങളിലും റിഷി സുനക് പങ്കെടുത്തിരുന്നു.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് റിഷി സുനകിന്റെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ അക്ഷത മൂര്‍ത്തി.

അതേസമയം, ബോറിസ് ജോണ്‍സണ് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ റിഷി സുനകിനെ പിന്നോട്ടടിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ലിസ് ട്രസ് മുന്നേറുന്നതായാണ് വിലയിരുത്തലുകള്‍.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളാണ് ഇരുവരും. അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസിന് മുന്‍ ധനമന്ത്രിയായ റിഷി സുനകിനേക്കാള്‍ കാബിനറ്റ് മന്ത്രിമാരുടെ പിന്തുണ ലഭിക്കുന്നുണ്ട്.

എന്നാല്‍ പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

നിലവില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതും ലിസ് ട്രസിനാണ്. സെപ്റ്റംബര്‍ അഞ്ചിനായിരിക്കും ഫലപ്രഖ്യാപനം.

Content Highlight: British PM candidate Rishi Sunak and wife Akshata Murthy Perform cow pooja in London