കമ്പനികള്‍ക്കുള്ള ഹൂത്തികളുടെ ഭീഷണി; കയറ്റുമതി നിര്‍ത്തിവെച്ച് ബ്രിട്ടന്‍ കമ്പനി
World News
കമ്പനികള്‍ക്കുള്ള ഹൂത്തികളുടെ ഭീഷണി; കയറ്റുമതി നിര്‍ത്തിവെച്ച് ബ്രിട്ടന്‍ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th December 2023, 7:46 pm

ലണ്ടന്‍: ചെങ്കടലില്‍ ഹൂത്തി വിമതര്‍ ആക്രമണം വര്‍ധിപ്പിച്ചതോടെ താത്കാലികമായി കയറ്റുമതി നിര്‍ത്തിവെക്കുന്നുവെന്ന് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന ബ്രിട്ടീഷ് കമ്പനിയായ ബിപി. ബ്രിട്ടീഷ് കമ്പനികള്‍ തന്നെ ഏറ്റവും വലിയ ഭീമന്‍ ഗ്രൂപ്പാണ് ബ്രിട്ടീഷ് പെട്രോളിയം ഷിപ്പിങ് ലിമിറ്റഡ്.

ഇസ്രഈലിലേക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിച്ച് യെമന്‍ ആസ്ഥാനമായുള്ള ഹൂത്തി വിമതര്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് സമുദ്ര വ്യവസായ മേഖലയില്‍ തകര്‍ച്ചയും സുരക്ഷാ ഭീഷണിയും ഉണ്ടാക്കിയതായി ബി.പി പറഞ്ഞു.

തങ്ങളുടെ ഉദ്യോഗസ്ഥരുടെയും തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷയാണ് കമ്പനിയുടെ മുന്‍ഗണനയെന്ന് ബി.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങള്‍ക്ക് വിധേയമായി തങ്ങളെടുക്കുന്ന മുന്‍കരുതലുകളില്‍ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ ദിവസം ചെങ്കടല്‍ വഴി ചരക്ക് കൊണ്ടുപോവില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് സ്ഥാപനങ്ങളിലൊന്നായ എവര്‍ഗ്രീന്‍ ലൈന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

കൂടാതെ ആഗോള ഷിപ്പിങ് കമ്പനികളായ ഡെന്‍മാര്‍ക്കിലെ മെഴ്സ്‌കും ജർമനിയിലെ ഹപാഗ് ലോയിഡും ഹൂത്തികളുടെ ആക്രമണ ഭീഷണി മൂലം കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു.

അതേസമയം മറ്റു പ്രമുഖ എണ്ണക്കമ്പനികളും ഇത്തരത്തില്‍ തീരുമാനം എടുക്കുകയാണെങ്കില്‍ യൂറോപ്പിലും മെഡിറ്ററേനിയനിലും ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഷിപ്പിങ് കമ്പനികള്‍ കപ്പലുകളുടെ വ്യാപാര പാത വഴിതിരിച്ചുവിടുകയും ഒന്നിലധികം ദിവസങ്ങള്‍ വ്യാപാരം നിര്‍ത്തിവെക്കുകയും ചെയ്താല്‍ അത് ലോകരാഷ്ട്രങ്ങള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് എണ്ണ വ്യവസായത്തിന്റെ ചരിത്രകാരനും വിശകലന വിദഗ്ധനുമായ ഗ്രിഗറി ബ്രൂ പറഞ്ഞു.

 

Content Highlight: British Petroleum Shipping Ltd. has said it’s pausing all shipments over increased safety risks