കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്ത പ്രതികാരത്തിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ കയറി ഗാംഗുലിയും പിള്ളേരും മാസ് കാണിച്ചത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു.
ചൊറിയാന്‍ വന്ന ഫ്‌ളിന്റോഫിനെ അവന്റെ തറവാട്ടില്‍ കയറി പണിഞ്ഞായിരുന്നു ഗാംഗുലി തന്റെ പ്രതികാരം വീട്ടിയത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജേഴ്‌സിയൂരി ആകാശത്തേക്ക് വീശിയ ഗാംഗുലിയുടെ ചിത്രം ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഐക്കോണിക് മൊമന്റുകളില്‍ ഒന്നായിരുന്നു.
ഇപ്പോഴിതാ, അത്തരമൊരു ജൂലൈ 13ന് തന്നെ സൗരവ് ഗാംഗുലിയെ ആദരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ചായിരുന്നു താരത്തെ ആദരിച്ചത്.
ഇത്തരമൊരു ആദരവ് കിട്ടിയതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഏകദേശം ആറ് മാസത്തിന് മുമ്പ് തന്നെ തനിക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും ഗാംഗുലി പറയുന്നു.
‘ഒരു ബംഗാളി എന്ന നിലയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് എന്നെ ആദരിച്ചു, അതുകൊണ്ടു തന്നെ അത് നല്ലതായി തോന്നി. പാര്‍ലമെന്റില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ എന്നെ ബന്ധപ്പെട്ടിരുന്നു. അവര്‍ എല്ലാ വര്‍ഷവും ഇങ്ങനെ ആദരവും പുരസ്‌കാരങ്ങളും നല്‍കാറുണ്ട്, അങ്ങനെ എനിക്കത് കിട്ടി,’ ഗാംഗുലി പറഞ്ഞു.
എന്നാല്‍, കൃത്യം നാറ്റ്‌വെസ്റ്റ് സീരീസിന്റെ 20 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു പുരസ്‌കാരം ലഭിച്ചതെന്ന യാദൃശ്ചികതയും ഇതിനുണ്ടായിരുന്നു.
‘അതെ, അത് ശരിയാണ്. ഞാന്‍ അത് ഇന്‍സ്റ്റഗ്രാമില്‍ കണ്ടിരുന്നു. കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ശരിക്കും പറഞ്ഞാല്‍ 20 വര്‍ഷം മുമ്പ്. സ്‌പോര്‍ട്‌സിലെ മികച്ച ഒരു നിമിഷം തന്നെയായിരുന്നു അത്.
ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ വെച്ച് തോല്‍പിക്കുക എന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. ഇപ്പോഴുളള ടീമും അതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ ടി-20 പരമ്പര നേടിക്കഴിഞ്ഞു, ഒരു വിജയമകലേ ഏകദിന പരമ്പരയും അവരെ കാത്തിരിക്കുന്നു,’ ഗാംഗുലി പറഞ്ഞു.
ഷമിയും ബുംറയടക്കമുള്ള ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരമാണ് ലോര്‍ഡ്‌സില്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത് 1-0ന് ഇന്ത്യ മുന്നിലാണ്.