| Friday, 20th September 2024, 8:56 pm

ഇനിയും ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കിയാല്‍ നിയമനടപടി നേരിടേണ്ടിവരും: ബ്രിട്ടന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ബ്രിട്ടന്‍ ഉദ്യോഗസ്ഥര്‍. ഇസ്രഈല്‍ ഉപയോഗിക്കുന്ന എഫ്-35 യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ യു.കെയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിലാണ് മുന്നറിയിപ്പ്.

ആയുധ കയറ്റുമതിയില്‍ ബ്രിട്ടനെതിരെ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. തുടര്‍ന്ന് വിദേശ, ബിസിനസ്-പ്രതിരോധ മന്ത്രിമാര്‍ക്കിക്കും ബിസിനസ് കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ക്കും ബ്രിട്ടന്‍ ഇതുസംബന്ധിച്ച് കത്തയക്കുകയും ചെയ്തു.

ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനയായ അല്‍ ഹഖ്, യു.കെ ആസ്ഥാനമായുള്ള ഗ്ലോബല്‍ ലീഗല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കും ചേര്‍ന്ന് സംയുക്തമായാണ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത്.

നേരത്തെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതികള്‍ യു.കെ വെട്ടികുറച്ചിരുന്നു. 30 ആയുധങ്ങളുടെ കയറ്റുമതി ലൈസന്‍സ് താത്ക്കാലികമായി നിര്‍ത്തിവെച്ചായിരുന്നു നടപടി. എന്നാല്‍ ഈ പട്ടികയില്‍ എഫ്-35 വിമാനങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെ ഭാഗങ്ങള്‍ ഇസ്രഈലില്‍ എത്തുകയാണ്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രഈല്‍ ഉപയോഗിച്ച ആയുധങ്ങളുടെ 15 ശതമാനം യു.കെ നിര്‍മിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും വാസയോഗ്യമായ പ്രദേശങ്ങളിലും ഇസ്രഈല്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയത് എഫ്-35 വിമാനങ്ങളുടെ സഹായത്താലാണ്. ഇതിനെ തുടര്‍ന്നാണ് ബ്രിട്ടനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയത്.

ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ബ്രിട്ടന്‍ നയതന്ത്രജ്ഞന്‍ അടുത്തിടെ രാജിവെക്കുകയും ചെയ്തിരുന്നു. ഫലസ്തീന് എതിരായുള്ള യുദ്ധത്തില്‍ ഇസ്രഈലിന് ആവശ്യമായ ആയുധങ്ങള്‍ ബ്രിട്ടന്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ക്ക് സ്മിത്താണ് രാജിവെച്ചത്.

ബ്രിട്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്റ് ഡെവലപ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു മാര്‍ക്ക് സ്മിത്ത്. ബ്രിട്ടനും ഇസ്രഈലുമായുള്ള ആയുധവിതരണ ബന്ധത്തില്‍ സ്മിത്ത് സര്‍ക്കാരിനോട് അതൃപ്തി അറിയിച്ചിരുന്നു.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഭരണകൂടം കൃത്യമായ മറുപടിയൊന്നും സ്മിത്തിന് നല്‍കിയിരുന്നില്ല. പിന്നാലെ യുദ്ധത്തില്‍ താനും പങ്കാളിയായേക്കാം എന്ന കുറ്റബോധത്തിലാണ് രാജിവെക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കുകയായിരുന്നു.

Content Highlight: British officials have warned that they will face criminal action if they continue to export weapons to Israel

We use cookies to give you the best possible experience. Learn more