| Friday, 12th January 2024, 9:58 am

ഇസ്രഈലിനെ ബഹിഷ്കരിക്കുന്നതിൽ പൊതുമേഖല സ്ഥാപനങ്ങളെ വിലക്കുന്ന ബില്ല് പാസാക്കി ബ്രിട്ടീഷ് പാർലമെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: പൊതുമേഖല സ്ഥാപനങ്ങൾ ഇസ്രഈലിനെ ബഹിഷ്കരിക്കുന്നതും ഉപരോധിക്കുന്നതും വിലക്കിക്കൊണ്ടുള്ള ബിൽ യു.കെ പാർലമെൻറ് പാസാക്കി. യു.കെ പാർലമെന്റ് ലോവർഹൗസ് ആയ ഹൗസ് ഓഫ് കോമൺസാണ് ബില്ല് പാസാക്കിയത്.

ഗസയിൽ ഇസ്രഈൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തുകൊണ്ട് നിരവധി ബഹിഷ്കരണ ക്യാമ്പയിനുകളും ഉപരോധങ്ങളും യു.കെയിൽ പൊതുമേഖല സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഇത് വിലക്കിക്കൊണ്ടുള്ള ബില്ലാണ് പാർലമെന്റ് പാസാക്കിയത്.

235 നെതിരെ 282 വോട്ടുകൾക്കാണ് എക്കണോമിക് ആക്ടിവിറ്റി ഓഫ് പബ്ലിക് ബോഡീസ് ബിൽ (ഓവർസീസ് മാറ്റർ) പാസാക്കിയത്. കൂടാതെ ബിൽ ഹൗസ് ഓഫ് ലോർഡ്സിന്റെ പരിഗണനയിലേക്ക് അയക്കുകയും ചെയ്തു.

എന്നാൽ ഈ ബില്ലിനെതിരെ ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളും മനുഷ്യാവകാശ സംഘടനകളും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വിചാരണ ആരംഭിച്ചിരുന്നു. അതിനു തൊട്ടുമുമ്പാണ് യു.കെ പാർലമെന്റ് ബിൽ പാസാക്കുന്നത്.

ബിൽ യു.കെ പാർലമെന്റ് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് കഴിഞ്ഞവർഷം എത്തിയിരുന്നു.

അന്ന് സാക്ഷിപ്രസ്താവന നൽകുന്നതിന് എഴുത്തുകാരനായ മെലൈൻ ഫിലിപ്സ് മറ്റ് ഇസ്രാഈലി അനുകൂലികളെയും പാർലമെന്റ കമ്മിറ്റി വിളിച്ചിരുന്നു. എന്നാൽ ഫലസ്തീനെ അനുകൂലികൾ ആരെയും തെളിവുകൾ നൽകാൻ കമ്മിറ്റി ക്ഷണിച്ചിരുന്നില്ല.

പൊതുമേഖല സ്ഥാപനങ്ങൾ യു.കെ ഗവൺമെന്റിന്റെ വിദേശ നയങ്ങൾക്ക് എതിരായുള്ള തീരുമാനങ്ങൾ എടുക്കരുതെന്ന് ബിൽ അവതരിപ്പിച്ച യു.കെ മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു.

ബില്ലിനെതിരെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ എട്ട് എം.പിമാർ വോട്ട് ചെയ്തു. 2019ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക്
എതിരാണ് ഇതെന്ന് അവർ പറഞ്ഞു. കൂടാതെ 160 ലേബർ പാർട്ടി എം.പിമാരും, 13 ലിബറൽ ഡെമോക്രാറ്റ് പാർട്ടിക്കാരും, 40 സ്കോട്ടിഷ് നാഷണലിസ്റ്റ് അംഗങ്ങളും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.

ഇസ്രഈലിനെ പിന്തുണയ്ക്കുന്ന ഈ ബില്ലിൽ തനിക്ക് ആശങ്കയുള്ളതിനാലാണ് എതിർത്തതെന്ന് കൺസർവേറ്റീവ് പാർട്ടി അംഗമായ കിറ്റ് മൽതൗസ് പറഞ്ഞു.

ഈ ബിൽ ഐക്യരാഷ്ട്ര സഭയിൽ യു.കെ നൽകിയ സത്യവാങ്മൂലത്തിന് എതിരാണെന്നും പറഞ്ഞ മാൽതൗസ് തങ്ങളുടെ അറേബ്യൻ സഖ്യകക്ഷികളിൽ ആശങ്ക ഉണ്ടാക്കാൻ കാരണമാകുമെന്ന് കൂട്ടിച്ചേർത്തു.

ഇസ്രഈലിനെതിരെയുള്ള ബഹിഷ്കരണങ്ങളെ ലേബർ പാർട്ടി എതിർത്തിരുന്നെങ്കിലും ബില്ലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു അവരും.

കൂടാതെ ഈ ബിൽ പാസാക്കുന്നത് വഴി ലോകത്തിന് മുന്നിൽ യു.കെ മുന്നോട്ട് വെച്ച ആശയങ്ങൾക്കെല്ലാം ഇത് എതിരാവുമെന്ന് ലേബർ പാർട്ടി എം.പിയായ ആന്റി സ്ലോട്ടർ പറഞ്ഞു. കൂടാതെ ഈ ബിൽ പാസാക്കപ്പെടുകയാണെങ്കിൽ യു.കെ സർക്കാരിന് ലഭിക്കുന്ന ഏറ്റവും മോശം പൈതൃകമാവുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: British MPs pass bill barring public bodies from boycotting Israel

We use cookies to give you the best possible experience. Learn more