| Tuesday, 18th June 2019, 8:56 am

മുര്‍സിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ബ്രിട്ടീഷ് എം.പിമാരുടെ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റൊ: മുഹമ്മദ് മുര്‍സിയെ ഈജിപ്ത് സര്‍ക്കാര്‍ ജയിലില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും അദ്ദേഹം മരണം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും 2018ല്‍ ബ്രിട്ടീഷ് എം.പിമാരും അഭിഭാഷകരുമടങ്ങുന്ന സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിറ്റന്‍ഷന്‍ റിവ്യു പാനല്‍ (ഡി.ആര്‍.പി) റിപ്പോര്‍ട്ടിലാണ് മുര്‍സിക്ക് ചികിത്സയടക്കം നിഷേധിച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നത്.

ഈജിപ്തിലെ തോറ ജയിലില്‍ വര്‍ഷങ്ങളായി ഏകാന്ത തടവ് അനുഭവിക്കുന്ന മുര്‍സിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നുമാണ് സമിതി അന്ന് വിവരം ശേഖരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എം.പിയായ ക്രിസ്പിന്‍ ബ്ലണ്ടിന്റെ നേതൃത്വത്തിലായിരുന്നു സമിതി.

മുര്‍സിയെ കാണാന്‍ ഭരണകൂടം അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സ്‌കോര്‍പിയണ്‍ പ്രിസണ്‍ എന്നറിയപ്പെടുന്ന തോറയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുര്‍സിക്ക് മൂന്നു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കുടുംബത്തെ കാണാന്‍ സാധിച്ചത്. അകത്ത് കടന്നാല്‍ മൃതശരീരമായല്ലാതെ പുറത്തേക്ക് കടക്കാന്‍ കഴിയാത്ത വിധമാണ് ജയിലിന്റെ പ്രത്യേകതയായി വാര്‍ഡന്‍മാരിലൊരാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറഞ്ഞിരുന്നത്.

ആറു വര്‍ഷത്തോളം ദിവസത്തില്‍ 23 മണിക്കൂറും അദ്ദേഹത്തെ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചത്. ഇത് യു.എന്‍ നിയമങ്ങള്‍ പ്രകാരം പീഡനമാണ്.

മുര്‍സിയുടെ മരണത്തില്‍ ആംനസ്റ്റി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തടവ് സമയത്ത് മുര്‍സിയ്ക്ക് നല്‍കിയ ചികിത്സയില്‍ ഗുരുതരമായ ചോദ്യങ്ങളുയരുന്നുണ്ടെന്ന് ആംനസ്റ്റി മിഡില്‍ഈസ്റ്റ് ഡയറക്ടര്‍ മഗ്ദലീന മുഗ്‌റബി പറഞ്ഞു.

ഈജിപ്ത് സര്‍ക്കാരാണ് മുര്‍സിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more