കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു; ബ്രിട്ടീഷ് എം.പിയെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു
national news
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു; ബ്രിട്ടീഷ് എം.പിയെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 7:16 pm

ന്യൂദല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ വിമര്‍ശകയായ ബ്രിട്ടീഷ് എം.പിയെ ദല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വെക്കുകയും ദുബായിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ദെബ്ബി എബ്രഹാംസ് എന്ന ബ്രിട്ടീഷ് എം.പിയെയാണ് തിരിച്ചയച്ചത്.

ബ്രിട്ടനിലെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ കശ്മീരിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നാണ് ദെബ്ബി പ്രതികരിച്ചത്.

എബ്രഹാംസിന്റെ വിസ സ്വീകാര്യമല്ല എന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ 2020ഒക്ടോബര്‍ വരെ കാലാവധിയുള്ളതാണ് ഇവരുടെ ഇ-വിസ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ എല്ലാവരുടെയും ഒപ്പം ഞാന്‍ ഇമിഗ്രേഷന്‍ ഡെസ്‌കില്‍ ഹാജരായി. അധികൃതര്‍ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ ഉദ്യോഗസ്ഥന്‍ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്‌പോര്‍ട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് തിരിച്ചു വന്ന ഇദ്ദേഹം വളരെ ദേഷ്യത്തോടെ പെരുമാറുകയും ഒപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ പെരുമാറരുതെന്ന് ഞാനയാളോട് പറഞ്ഞു,’ ദെബ്ബി പറഞ്ഞു.

‘സാമൂഹ്യ നീതിയും മനുഷ്യാവകാശവും ഉറപ്പു വരുത്താന്‍ വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തിലെത്തിയത്. അനീതിയും അധികാര ദുര്‍വിനിയോഗവും കണ്ടില്ലെന്ന് നടിച്ചാല്‍ എന്റെ സര്‍ക്കാരിനെയും മറ്റു സര്‍ക്കാരിനെയും ചോദ്യം ചെയ്യുന്നത് ഞാന്‍ തുടരും,’ ദെബ്ബി ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലുള്ള തന്റെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയതായിരുന്നു എബ്രഹാംസ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെ ദെബ്ബി എബ്രഹാംസ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് അറിയിച്ച് യു.കെയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് ഇവര്‍ കത്തയച്ചിരുന്നു.