ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്രമെന്ന് ബി.ബി.സി; പ്രകോപിതനായി ബ്രിട്ടീഷ് എം.പി
World News
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്രമെന്ന് ബി.ബി.സി; പ്രകോപിതനായി ബ്രിട്ടീഷ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 6:00 pm

 

ലണ്ടന്‍: അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ പക്ഷപാതപരമായ നീക്കമാണ് ബി.ബി.സി നടത്തിയതെന്ന ആരോപണവുമായി ബ്രിട്ടീഷ് എം.പി ബോബ് ബ്ലാക്ക്മാൻ. വസ്തുതാപരമായ റിപ്പോട്ടിങ്ങില്‍ ബി.ബി.സി പരാജയപ്പെട്ടുവെന്നും ബ്രിട്ടീഷ് എം.പി പറഞ്ഞു.

ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായ ബ്ലാക്ക്മാനിനെ, ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയിലാണ് അയോധ്യയിലെ രാമക്ഷേത്രം പണിതതെന്ന ബി.ബി.സിയുടെ പരാമര്‍ശമാണ് രോക്ഷാകുലനാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് എം.പി ചാനലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

‘കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം പ്രതിഷ്ഠിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമായതിനാല്‍ ഇത് വലിയ സന്തോഷം നല്‍കി. എന്നാല്‍ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത് ഒരു പള്ളി പൊളിച്ച ഭൂമിയിലാണ് രാമക്ഷേത്രം പണിതത് എന്നാണ്. ഇതില്‍ ഞാന്‍ ദുഖിതനാണ്,’ ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.

‘തീര്‍ച്ചയായും അയോധ്യ ഒരു പള്ളി തകര്‍ക്കപ്പെട്ട സ്ഥലമായിരുന്നു. പക്ഷെ അത് സംഭവിക്കുന്നതിന് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്ന വസ്തുത മുസ്ലിങ്ങള്‍ മറന്നു. കൂടാതെ ഇതേ നഗരത്തോട് ചേര്‍ന്ന് ഒരു മസ്ജിദ് സ്ഥാപിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം കോടതി അനുവദിച്ചിട്ടുണ്ട്,’ ബി.ബി.സിക്കെതിരെ ആരോപണമുയര്‍ത്തി പാര്‍ലമെന്റില്‍ എം.പി പറഞ്ഞ വാക്കുകള്‍.

ഹിന്ദുക്കളുടെ അവകാശങ്ങളെ ശക്തമായി പിന്തുണക്കുന്ന വ്യക്തിയെന്ന നിലയില്‍ ബി.ബി.സിയുടെ റിപ്പോര്‍ട്ട് ജനങ്ങളുടെ അഭിപ്രായങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.

ബി.ബി.യുടെ റിപ്പോട്ടിങ്ങിനെ കുറിച്ച് ഘടകക്ഷികള്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ടെന്ന് ബോബ് ബ്ലാക്ക്മാൻ എക്‌സില്‍ കുറിക്കുകയും ചെയ്തു.

Content Highlight: British MP outraged in BBC reporting of Ram temple ceremony