ഗസ: ഫലസ്തിനില്‍ ഇസ്രഈല്‍ ആക്രമണം തുടങ്ങിയതുമുതല്‍ അതിന് എതിരെ ശബ്ദം ഉയര്‍ത്തിയ ബ്രിട്ടീഷ് ക്രിസ്ത്യന്‍ വനിതയാണ് ലൈല മോറന്‍. ഒരു പാര്‍ലമെന്റേറിയനായ ലൈല മോറന്റെ ഇസ്രഈലിനെതിരായായ പോരാട്ടത്തിന് പിന്നില്‍ വ്യക്തിപരമായ ചില കാരണങ്ങള്‍ കൂടി ഉണ്ട്. അവരുടെ ബന്ധുക്കള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളായി ഗസയിലെ ഒരു പള്ളിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പള്ളിക്ക് സമീപമുള്ള സ്ഥിതിഗതികള്‍ വഷളാണെന്നും ബോംബുകളും വൈറ്റ് ഫോസ്ഫറസും സംയുക്തമായി ഇസ്രഈല്‍ ഉപയോഗിച്ചതായും മോറന്‍ ബി.ബി.സിയോട് പറഞ്ഞു.
പള്ളി വളപ്പിനുള്ളില്‍ അഭയം തേടിയ തന്റെ കുടുംബം വലിയ ബുദ്ധിമുട്ടിലാണെന്നും ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നും മോറന്‍ ട്വീറ്റ് ചെയ്തിരുന്നു.
വര്‍ഷങ്ങളായി തന്റെ ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയുടെ നിലപാട് മാറ്റാന്‍ വേണ്ടി പരിശ്രമിച്ചിരുന്ന വ്യക്തിയാണ് മോറന്‍. ഇസ്രഈലിനെയും ഫലസ്തീനെയും ഒരുമിച്ച് കൊണ്ടുവന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള നയങ്ങള്‍ അവതരിപ്പിക്കാനും അവര്‍ പോരാടുകയാണ്.
അവരുടെ ആ ശ്രമങ്ങള്‍ നവംബര്‍ 13 ന് ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതിലേക്ക് ഇസ്രഈലിനെ നയിച്ചിരുന്നു. മറ്റ് ബ്രിട്ടീഷ് പാര്‍ട്ടികള്‍ ഇസ്രഈലിന്റെ സൈനിക നടപടിക്ക് പിന്തുണ നല്‍കുന്നതിന് ഒരു മാസത്തിനുമുമ്പ് തന്നെ.
യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തോടൊപ്പം ചേരാനും അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനുള്ള ചരിത്രപരമായ ബാധ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാകണമെന്നും ബിഗ് പിക്ചര്‍ നല്‍കിയ അഭിമുഖത്തില്‍ ലൈല മോറന്‍ പറഞ്ഞു.
ചരിത്രകാരനായ വില്യം ഡാല്‍റിംപിള്‍ ഉള്‍പ്പെടെ, എക്‌സിലെ പലരും മോറനും കുടുംബത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലൈലക്ക് അവരുടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രഈല്‍ സൈന്യം പള്ളിക്കുസമീപം രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഒരു ദമ്പതികളെയും ഇസ്രഈല്‍ കൊലപ്പെടുത്തിയിരുന്നു. പരിക്കേറ്റ ഒരാളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ആണ് ആക്രമണം നടന്നത്. വെടിവയ്പ്പ് ആരംഭിക്കുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ ഇടവകയുടെ കോമ്പൗണ്ടിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചിരുന്നു.കുറച്ച് ദിവസങ്ങളായി ഇസ്രഈലിന്റെ നേരിട്ടുള്ള ബോംബാക്രമണം പള്ളികള്‍ക്ക് നേരെയാണെന്ന് അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: British MP Layla Moran’s family trapped in Gaza church