| Tuesday, 18th February 2020, 5:14 pm

'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു'; ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. ദെബ്ബി എബ്രഹാംസിനെ തിരിച്ചയച്ചത് അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ദെബ്ബി എബ്രഹാംസിനെ ദല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വെക്കുകയും ദുബായിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. സുഹൃത്തുക്കളേയും കുടുംബങ്ങളേയും കാണാനെത്തിയപ്പോഴായിരുന്നു ദെബ്ബിയെ തിരിച്ചയച്ചത്.

ദെബ്ബി എബ്രഹാംസിന്റെ ഇ-വിസ റദ്ദാക്കിയ വിവരം അവരെ അറിയിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഫെബ്രുവരി 14 ന് തന്നെ വിസ റദ്ദാക്കിയ വിവരം അവരെ അറിയിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

എം.പിയെ തിരിച്ചയച്ച സംഭവത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി രംഗത്തെത്തിയിരുന്നു.

ബ്രിട്ടീഷ് എം.പിയായ ദെബ്ബി എബ്രഹാംസ് എം.പി മാത്രമല്ല ‘പാക് ബിനാമി’ കൂടിയാണെന്നും സിംഗ് വി പറഞ്ഞിരുന്നു.

ബ്രിട്ടനിലെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ കശ്മീരിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നാണ് ദെബ്ബി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

എബ്രഹാംസിന്റെ വിസ സ്വീകാര്യമല്ല എന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ 2020ഒക്ടോബര്‍ വരെ കാലാവധിയുള്ളതാണ് ഇവരുടെ ഇ-വിസ. അതേസമയം ദെബ്ബി എബ്രഹാമിന്റെ വിസ റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more