| Wednesday, 1st April 2020, 6:12 pm

ഒടുവില്‍ ആശ്വാസം; കൊവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നെടുമ്പാശ്ശേരി വിമാമത്താവളത്തില്‍നിന്നും കടന്നുകളയാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു. വിമാനത്താവളത്തില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ആഴ്ച രോഗം ഭേഗമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ബ്രയാന്‍ നീലാണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്.

ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തിന് എച്ച്.ഐ.വിക്കുള്ള മരുന്ന നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. എച്ച്.ഐ.വിക്കുള്ള മരുന്ന് നല്‍കിയതിന്റെ മൂന്നാം ദിവസമാണ് രോഗം ഭേദമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് 23-ന് ലഭിച്ച സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. എച്ച്.ഐ.വി പോസിറ്റീവായവര്‍ക്ക് നല്‍കുന്ന Ritonavir, Lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് നല്‍കിയത്.

മൂന്നാറില്‍ ക്വാറന്റൈനിലായിരുന്ന ഇയാള്‍ അധികൃതരെ വെട്ടിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ പിടിയിലായത്. തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നെങ്കിലും മറ്റ് അസുഖങ്ങളെത്തുടര്‍ന്നായിരുന്നു ചികിത്സ തുടര്‍ന്നത്. ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more