കോഴിക്കോട്: 1948ന് മുമ്പ് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടായിരുന്നില്ലെന്ന വാദത്തെ തള്ളിക്കളയുന്ന തെളിവുകള്‍ 91 വര്‍ഷം പഴക്കമുള്ള ഭൂമിശാസ്ത്ര പാഠപുസ്തകത്തില്‍. 91 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ അച്ചടിച്ച പാഠപുസ്തകത്തിലാണ് ഈ തെളിവുകളുള്ളത്. എ.കെ. രമേഷ് എഴുതി ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഈ ഭൂമിശാസ്ത്ര പാഠപുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലെ എട്ടാം അധ്യായത്തില്‍ ‘സൗത്ത് വെസ്റ്റേണ്‍ ലാന്‍ഡ്‌സ് ഓഫ് ഏഷ്യ’ യിലെ ഒരു ഭൂപടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിലെ 247ാം പേജിലാണ് ഭൂപടം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ എക്കണോമിക് ജ്യോഗ്രഫി റീഡറായിരുന്ന ഡഡ്‌ലി സ്റ്റാംപ് ആണ് ഗ്രന്ഥകര്‍ത്താവ്.
‘സിറിയയും ഫലസ്തീനും’ എന്ന ഉപതലക്കെട്ടുള്ള ഒരു ഉള്ളടക്കത്തില്‍ സിറിയയെ ഫ്രാന്‍സും ഫലസ്തീനെ ഗ്രേറ്റ് ബ്രിട്ടനുമാണ് ഭരിക്കുന്നതെന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും പ്രശസ്തവും പഴയതുമായ ദമാസ്‌കസ് നഗരമാണ് സിറിയയുടെ തലസ്ഥാനമെന്നും, ജൂതന്മാരും കൃസ്ത്യാനികളും ഒരുപോലെ പുണ്യ നഗരമായി കാണുന്ന ജെറുസലേം പട്ടണം ഫലസ്തീന്റെ തലസ്ഥാനമാണെന്ന് പുസ്തകത്തില്‍ പറയുന്നു.
ഈ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂമിശാസ്ത്ര പാഠപുസ്തകം ലേഖകന്റെ അച്ഛന്റെ പഠനകാലത്ത് ഉള്ളതാണെന്നാണ് അവകാശപ്പെടുന്നത്.
Content Highlight: British-Indian textbook map of Palestine without Israel: Proofs revealed by Dool News