ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ കവറില്‍ 'വാ മൂടിക്കെട്ടിയ മോദി'; 2019ല്‍ ലോക നേതാവെന്ന് പ്രഖ്യാപിച്ചത് ചര്‍ച്ചയാകുന്നു
World News
ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ കവറില്‍ 'വാ മൂടിക്കെട്ടിയ മോദി'; 2019ല്‍ ലോക നേതാവെന്ന് പ്രഖ്യാപിച്ചത് ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2023, 8:49 am

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവര്‍ ചിത്രവുമായി ‘ബ്രിട്ടീഷ് ഹെറാള്‍ഡ്’ മാഗസിന്‍. ഇന്ത്യയില്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്ന കവര്‍സ്റ്റോറി ജൂലൈ ലക്കം പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് മാഗസിന്റെ കവറില്‍ ഇടം നേടിയത്.

2019 ജൂണില്‍ നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ വെബ്‌സൈറ്റ് വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചിരുന്നു. പുതിയ കവര്‍ പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

 

 

‘ജനാധിപത്യം ആശങ്കയില്‍: കര്‍ശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ത്യയില്‍ അപായമണി മുഴക്കുന്നു’ എന്ന തലക്കെട്ടിലാണ് പുതിയ
കവര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. വാ മൂടിക്കെട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോദിയുടെ ബാക്ക്ഗ്രൗണ്ടായി കത്തിയെരിയുന്ന ജനാധിപത്യത്തിന്റെ പ്രതീകങ്ങളുമാണ് ചിത്രത്തിലുള്ളത്.

‘ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് ഏറ്റവും ദുര്‍ബലരായ ജനങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്’ എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ മാഗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചാണ് കവര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍, രാജ്യത്ത് ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടുത്ത നിയന്ത്രണങ്ങള്‍, പ്രധാന വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ മൗനം എന്നിവയാണ് ലേഖനത്തില്‍ പറയുന്നത്.

എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയില്‍വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും ബി.ബി.സിയുടെ മോദിക്കെതിരായ ഡോക്യൂമെന്ററിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചും ലേഖനം സംസാരിക്കുന്നു.

Content Highlight: ‘British Herald’ magazine with Indian Prime Minister Narendra Modi’s cover photo