| Friday, 9th August 2024, 10:40 pm

'കാലതാമസം വേണ്ട'; ഗസയിലെ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് പിന്തുണയറിയിച്ച് ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഇടപെട്ട് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. ഗസയിലെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് ഡേവിഡ് ലാമി പിന്തുണ പ്രഖ്യാപിച്ചു.

‘ഇനി കാലതാമസം വേണ്ട. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണം,’ എന്നാണ് മധ്യസ്ഥ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് ഡേവിഡ് ലാമി പറഞ്ഞത്.

വെടിനിര്‍ത്തല്‍ കരാറിന് പുറമെ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കത്തിനും ആഹ്വാനം ചെയ്ത ഈജിപ്ത്, ഖത്തര്‍, യു.എസ് എന്നീ രാജ്യങ്ങളുടെ നടപടിയെ ബ്രിട്ടന്‍ പൂര്‍ണമായും അംഗീകരിക്കുന്നതായും ലാമി വ്യക്തമാക്കി. ആഗസ്ത് 15ന് ദോഹയിലോ കെയ്റോയിലോ വെച്ച് മധ്യസ്ഥ ചര്‍ച്ച നടക്കുമെന്ന് രാജ്യങ്ങള്‍ക്ക് അറിയിച്ചതിന് പിന്നാലെയാണ് ലാമിയുടെ പ്രതികരണം.

ഹമാസ് തടവിലാക്കിയിരിക്കുന്ന ഇസ്രഈലി ബന്ദികളെ മോചിപ്പിക്കണമെന്നും ഗസയിലേക്ക് അടിയന്തരമായി സഹായമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡേവിഡ് ലാമി ചൂണ്ടിക്കാട്ടി. മധ്യസ്ഥ രാജ്യങ്ങളുടെ നീക്കത്തെ യു.കെ പിന്തുണക്കുന്നത് ഫലസ്തീനികളുടെയും ഹമാസ് അടക്കമുള്ള ഗ്രൂപ്പുകളുടെയും താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണെന്നും ഡേവിഡ് ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ ഇസ്രഈലിനും ലെബനനിലെ ഹിസ്ബുള്ളക്കും ഇടയിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ബ്രിട്ടന് താത്പര്യമില്ലെന്നും ഡേവിഡ് ലാമി വ്യക്തമാക്കി. യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1701 പൂര്‍ണമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഗസയിലെ ഫലസ്തീനികളുടെ മരണസംഖ്യ 39,699 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 91,722 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.

Content Highlight: British Foreign Secretary David Lammy intervened in the ceasefire talks in Gaza

We use cookies to give you the best possible experience. Learn more