| Tuesday, 11th January 2022, 10:38 am

'ഇന്‍സൈഡ് ദുബായ്‌'; ഷെയ്ഖ് മുഹമ്മദ് ചെയ്യുന്ന പോലെ എമിറേറ്ററ്റ്‌സിന് വേണ്ടി ബി.ബി.സി തയാറാക്കിയ പ്രൊപ്പഗാണ്ട വീഡിയോ; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ബി.ബി.സി സംപ്രേഷണം ചെയ്യുന്ന ഇന്‍സൈഡ് ദുബായ്; പ്ലേഗ്രൗണ്ട് ഓഫ് ദ റിച്ച് (Inside Dubai Playground of the Rich) എന്ന സീരീസിനെതിരായ വിമര്‍ശനം ശക്തമാവുന്നു.

സീരിസ് ദുബായിയുടെ ഒരു വശം മാത്രമാണ് ‘നല്ല വശ’മായി അവതരിപ്പിച്ചിരിക്കുന്നതെന്നും പക്ഷപാതപരമായാണ് പരിപാടിയുടെ അവതരണമെന്നുമാണ് വിമര്‍ശനം.

മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങിയ സീരിസിനെതിരെ യു.എ.ഇയില്‍ തടവില്‍ കഴിയുന്ന രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ജീവിതത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി ബി.ബി.സി സൃഷ്ടിച്ച പ്രൊപ്പഗാണ്ട വീഡിയോ മാത്രമാണ് ഈ സീരീസ് എന്നാണ് ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബം പറയുന്നത്.

പരിപാടിയെ ‘അസംബന്ധം’ എന്നാണ് യു.എ.ഇയില്‍ ജയിലില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനായ ബില്ലി ഹൂഡിന്റെ മാതാവ് ബ്രെഡ ഗക്കിയന്‍ വിശേഷിപ്പിച്ചത്.

”ബില്ലിക്ക് ഇത്തരത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതിന്റെ ഇടയിലും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മുന്നില്‍ ഈ രാജ്യത്തെ ഇങ്ങനെ പ്രൊമോട്ട് ചെയ്യാന്‍ എങ്ങനെയാണ് ഈ സീരീസിന് സാധിക്കുന്നത്.

ഡോക്ടറുടെ സേവനം വേണമെന്ന് എന്റെ മകന്‍ അപേക്ഷിക്കുകയാണ്. പക്ഷെ ആരും അവനെ സഹായിക്കുന്നില്ല. എന്നാല്‍ ടി.വി തുറന്നാല്‍ കാണുന്നത് ദുബായിയെ മഹത്വവല്‍ക്കരിച്ചുള്ള ഈ പരിപാടിയാണ്,” ബ്രെഡ ഗക്കിയന്‍ പറഞ്ഞു.

ദുബായില്‍ നിയമം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സുഖമായി ജീവിക്കാം എന്നാണ് സീരീസ് പറയുന്നത്, എന്നാല്‍ സി.ബി.ഡി ഓയില്‍ (ഹാഷിഷ് ഓയില്‍/ കനാബിസ് ഓയില്‍) കാറില്‍ നിന്ന് കണ്ടെത്തി എന്ന കുറ്റത്തിന്റെ പേരില്‍ തന്റെ മകന്‍ ജയിലിലേക്ക് എറിയപ്പെട്ടിരിക്കുകയാണ്.

ഓയില്‍ ബ്രിട്ടനില്‍ നിന്നുള്ള തന്റെ സുഹൃത്ത് കാറില്‍ ഉപേക്ഷിച്ച് പോയതാണെന്ന് മകന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധികാരികള്‍ ചെവിക്കൊള്ളുന്നില്ലെന്നും ബ്രെഡ ഗക്കിയന്‍ കൂട്ടിച്ചേര്‍ത്തു.

നിയമം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ സുഖമായി ജീവിക്കാം എന്നത് ദുബായ് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന, പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന നുണയാണെന്നും ഗക്കിയന്‍ പറയുന്നു.

ഹാഷ് ഓയില്‍ അടങ്ങിയ നാല് കുപ്പി വേപ് ലിക്വിഡ് (Vape Liquid) കാറില്‍ നിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു 25കാരനായ ബില്ലി ഹൂഡ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഫുട്‌ബോള്‍ കോച്ച് കൂടിയായ ഇദ്ദേഹം 10 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട് ദുബായില്‍ ജയിലിലാണ്.

25 വര്‍ഷത്തെ തടവായിരുന്നു ഹൂഡിന് ആദ്യം വിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അത് 10 വര്‍ഷമായി ഇളവ്‌ചെയ്ത് നല്‍കിയത്.

മറ്റൊരു ബ്രിട്ടീഷ് പൗരനായ ആല്‍ബര്‍ട്ട് ഡഗ്ലസ് ചെക്ക് മടങ്ങിയതിന്റെ പേരിലാണ് ദുബായില്‍ ജയിലില്‍ കഴിയുന്നത്. എന്നാല്‍ ആ ചെക്ക് ഒപ്പിട്ട് നല്‍കിയത് ഡഗ്ലസ് പോലുമല്ലെന്നാണ് ഫോറന്‍സിക് തെളിവിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.

”എന്റെ പിതാവ് ദുബായിയെ സ്‌നേഹിച്ചിരുന്നു. എന്നാല്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ വെച്ച് സുരക്ഷാ ജീവനക്കാരുടെ ഉപദ്രവവും ചൂഷണവും നേരിടുന്നത് വരെയായിരുന്നു അത്,” ആല്‍ബര്‍ട്ട് ഡഗ്ലസിന്റെ മകന്‍ വുള്‍ഫ്ഗാങ് ഡഗ്ലസ് പ്രതികരിച്ചു.

ദുബായിലെ ജയിലുകളില്‍ വെച്ച് ആത്മഹത്യകളും പീഡനങ്ങളും ആല്‍ബര്‍ട്ട് ഡഗ്ലസ് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇത്തരം പ്രൊപ്പഗാണ്ട വീഡിയോകളുടെ ഭാഗമാകാന്‍ വേണ്ടി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയിലിലെ സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനം കാരണം എല്ലുകള്‍ ഒടിഞ്ഞുപോയ ആല്‍ബര്‍ട്ട് ഡഗ്ലസിന് സര്‍ജറി നടത്തേണ്ടി വന്നതായും പറയുന്നു.

‘ദുബായ് ജയിലുകള്‍ നല്ലതാണ്’ എന്ന് പ്രൊപ്പഗാണ്ട വീഡിയോകളില്‍ പറയുന്നതിനായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് തന്റെ പിതാവിനോട് ആവശ്യപ്പെട്ടതായും വുള്‍ഫ്ഗാങ് പറഞ്ഞു.

ബി.ബി.സിയുടെ ഐപ്ലെയര്‍ (iPlayer) സ്ട്രീമിങ് സര്‍വീസിലാണ് ഇന്‍സൈഡ് ദുബായ്; പ്ലേഗ്രൗണ്ട് ഓഫ് ദ റിച്ച് സീരീസ് സംപ്രേഷണം ചെയ്യുന്നത്.

ദുബായിലെ അതിസമ്പന്നരുടെ അത്യാഢംബര ജീവിതത്തെക്കുറിച്ചാണ് സീരീസ് പറയുന്നത്. ‘അതിസമ്പന്നരുടെ കേന്ദ്രമായ, മരുഭൂമിയിലെ സ്വര്‍ഗമായ ദുബായില്‍ സൂര്യകിരണങ്ങളേറ്റ് അത്യാഢംബരത്തില്‍ ജീവിക്കുന്നത് എങ്ങനെയായിരിക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് സീരീസ് അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: British families of detainees say BBC has made series Inside Dubai as a propaganda video for the emirate 

We use cookies to give you the best possible experience. Learn more