മുംബൈ-ഗോവ ദേശീയ പാതയില്‍ പാലം തകര്‍ന്നു; 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Daily News
മുംബൈ-ഗോവ ദേശീയ പാതയില്‍ പാലം തകര്‍ന്നു; 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd August 2016, 5:54 pm

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ-ഗോവ ദേശീയപാതയില്‍ കനത്ത മഴയില്‍ പാലം തകര്‍ന്ന് രണ്ട് ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു ഇരുപതിലധികം പേരെ കാണാതായ സംഭവത്തില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. റായ്ഗഡ് ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത് മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുമെന്നും കലക്ടര്‍ പറഞ്ഞു.

മുംബൈയില്‍ നിന്ന് 84 കിലോമീറ്റര്‍ ദൂരെയുള്ള റായ്ഗഡ് ജില്ലയിലെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച പാലമാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത്. പാലത്തിന്റെ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി 1 മണിയോടെയായിരുന്നു അപകടം. രണ്ട് ബസും നിരവധി കാറുകളും സാവിത്രി നദിയിലേക്ക് വീണതായാണ് വിവരം. പാലം തകര്‍ന്നതറിയാതെ ഇതു വഴി വന്ന മറ്റു വാഹനങ്ങളും നദിയില്‍ വീണിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പഴയ പാലം തകര്‍ന്നതോടെ ഗതാഗതം പൂര്‍ണമായും സമാന്തര പാലത്തിലേക്ക് തിരിച്ചുവിട്ടിരുന്നു എന്നാല്‍ ഇപ്പോള്‍ അത് പുനസ്ഥാപിച്ചിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും തീരസംരക്ഷണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കാണാതായവരെയും വാഹനങ്ങളും കെണ്ടത്താന്‍ തീരസംരക്ഷണ സേന ചേതക് ഹെലികോപ്ടറും സീ കിങ്ങ് വിമാനവും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.