| Wednesday, 11th August 2021, 12:20 pm

ബ്രിട്ടീഷ് വിദ്യാഭ്യാസം ആത്മാഭിമാനം തകര്‍ത്തു: മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രിട്ടീഷ് വിദ്യാഭ്യാസ രീതികള്‍ ഇന്ത്യന്‍ ജനങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയെന്നും സ്വാതന്ത്രത്തിന് ശേഷവും അത് തുടര്‍ന്നുവെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയമാണ് ഇതിന് പരിഹാരമെന്നും അത് ഇന്ത്യന്‍ വേരുകളിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ രാജാക്കന്മാരുമായി നല്ല ബന്ധം വെച്ചുപുലര്‍ത്തിയെങ്കിലും ജനങ്ങള്‍ ഒരുമിച്ച് അവര്‍ക്കെതിരെയായിരുന്നെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

”ഒരുപാട് ജാതികളും ഭാഷകളും നിലനില്‍ക്കെയാണ് അവര്‍ക്കെതിരെ ജനവികാരം ഉണ്ടായിരുന്നത്. ഇത് മറികടക്കാനും ഇന്ത്യക്കാരുടെ ആത്മാഭിമാനം തകര്‍ക്കാനുമാണ് അവര്‍ ശ്രമിച്ചത്. നമ്മള്‍ നമ്മളെ പറ്റിയുള്ളതെല്ലാം മറക്കുന്നതിലൂടെ നമ്മുടെ വ്യവസ്ഥകള്‍ അവര്‍ തകര്‍ത്തു. തുടര്‍ന്ന് അത് നയിക്കാനുള്ള നമ്മുടെ പ്രാപ്തി അവര്‍ നഷ്ടപ്പെടുത്തി,” ഭാഗവത് പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്ഘടനയും വിദ്യാഭ്യാസ വ്യവസ്ഥിതികളും ബ്രിട്ടീഷുകാര്‍ തകര്‍ത്തെന്നും വിദേശികള്‍ക്കും ഇന്ത്യന്‍ പണ്ഡിതന്മാര്‍ക്കും പണം നല്‍കി ഇഷ്ടത്തിനനുസരിച്ച് കെട്ടിച്ചമച്ച പുസ്തകങ്ങള്‍ സ്യഷ്ടിച്ചുവെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു.

യുദ്ധത്തില്‍ അഭിമാനിക്കത്തക്കവണ്ണം ഒരു നേട്ടവും നമ്മുടെ പൂര്‍വികര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ബഹുമാനവും ഇന്ത്യക്കാര്‍ക്ക് ലഭിക്കില്ലെന്നും ധരിപ്പിക്കുകയെന്നതായിരുന്നു ഇംഗ്ലീഷുകാരുടെ നയമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

” ഇന്ത്യക്ക് പുറത്തുനിന്ന് വരുന്നവര്‍ ഇന്ത്യക്കാരെ മര്‍ദ്ദിക്കുകയും അവരുടെ അടിമകളാക്കി മാറ്റുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന് ശേഷം നമ്മള്‍ നമ്മുടെ വേരുകളിലേക്ക് മടങ്ങേണ്ടതുണ്ട്. പക്ഷേ അത് പതിയെയാണ് നീങ്ങുന്നത്. സ്വാതന്ത്ര്യത്തിന് ശേഷവും ഇത് അങ്ങനെ തന്നെയാണ് തുടരുന്നത്,”അദ്ദേഹം പറഞ്ഞു. ഓം പ്രകാശ് പണ്ഡെ രചിച്ച ‘ഭാരത് വൈഭവി’ന്റെ പ്രകാശന ചടങ്ങിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

ഒരു രാജ്യത്തിന്റെ ആത്മവീര്യവും ആത്മവിശ്വാസവും ഉണര്‍ത്തുന്നത് അവരുടെ സംസ്‌കാരത്തിന്റെ സഹായത്തോട് കൂടിയാണെന്ന് വേദിയില്‍ ഉണ്ടായിരുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം അനശ്വരമാണെന്നും അത് ജീവിതത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് അടുത്ത തലമുറയ്ക്ക് കൈമാറുകയെന്നത് നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  British education broke self-respect, need NEP: Mohan Bhagwat

We use cookies to give you the best possible experience. Learn more