| Sunday, 18th August 2024, 3:37 pm

ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ പ്രതിഷേധം; ബ്രിട്ടന്‍ നയതന്ത്രജ്ഞന്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവെച്ച് ബ്രിട്ടന്‍ നയതന്ത്രജ്ഞന്‍. ഫലസ്തീന് എതിരായുള്ള യുദ്ധത്തില്‍ ഇസ്രഈലിന് ആവശ്യമായ ആയുധങ്ങള്‍ ബ്രിട്ടന്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ക്ക് സ്മിത്താണ് രാജിവെച്ചത്.

ബ്രിട്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്റ് ഡെവലപ്മെന്റ് ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു മാര്‍ക്ക് സ്മിത്ത്.

ബ്രിട്ടനും ഇസ്രഈലുമായുള്ള ആയുധവിതരണ ബന്ധത്തില്‍ സ്മിത്ത് നേരത്തേതന്നെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഭരണകൂടം കൃത്യമായ മറുപടിയൊന്നും സ്മിത്തിന് നല്‍കിയിരുന്നില്ല. പിന്നാലെ യുദ്ധത്തില്‍ താനും പങ്കാളിയായേക്കാം എന്ന കുറ്റബോധത്തിലാണ് രാജിവെക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കി.

ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനിനെതിരായി നടത്തുന്ന അക്രമങ്ങള്‍ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും അത് വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടും ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും സ്മിത്ത് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു.

‘നീണ്ട നയതന്ത്ര സേവനത്തിന് ശേഷം ഞാന്‍ രാജിവെക്കുന്നത് സങ്കടത്തോടെയാണ്. ഈ വകുപ്പ് യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നറിഞ്ഞ് കൊണ്ട് എനിക്ക് ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ല’, സ്മിത്ത് കത്തില്‍ പറഞ്ഞു.

സ്മിത്തിന്റെ രാജി അന്താരാഷ്ട്ര തലത്തില്‍ കാര്യമായ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇസ്രഈല്‍- ഫലസ്തീന്‍ യുദ്ധവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ ഇടപെടലുകളെയും അതിന്റെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബ്രിട്ടനിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ യു.കെ നല്‍കിയിട്ടുള്ള പങ്കാളിത്തത്തെയും പിന്തുണയെയും കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ ബ്രിട്ടനില്‍ നിര്‍മിച്ചിട്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷിക്കാന്‍ അവലോകനയോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ നിലവില്‍ തീരുമാനങ്ങള്‍ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്മിത്തിന്റെ രാജിയോടുകൂടി ഇസ്രഈലിനും ബ്രിട്ടനുമെതിരെയുള്ള പ്രതിഷേധം രൂക്ഷമാവുന്നുണ്ട്.

Content Highlight: British diplomat resigns over arms sales to Israel

We use cookies to give you the best possible experience. Learn more