| Friday, 11th February 2022, 3:48 pm

ഇസ്രഈലി എം.പിയെ രാജ്യത്ത് നിന്നും പുറത്താക്കണം; ബ്രിട്ടനില്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: തീവ്രവലത്-ഇസ്രഈലി എം.പിയെ ബ്രിട്ടനില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി യു.കെ പാര്‍ലമെന്റിന്റെ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി മുന്‍ തലവന്‍.

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന് മുന്നിലാണ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി മുന്‍ തലവന്‍ ക്രിസ്പിന്‍ ബ്ലണ്ട് ആവശ്യം അവതരിപ്പിച്ചിരിക്കുന്നത്.

ഇസ്രഈലി എം.പി ബെസാസെല്‍ സ്‌മോട്രിചിനെ ബ്രിട്ടനില്‍ നിന്നും പുറത്താക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ ഫലസ്തീനിയന്‍സ് എന്ന സംഘടനക്ക് വേണ്ടിയാണ് ക്രിസ്പിന്‍ ബ്ലണ്ട് കത്ത് അയച്ചിരിക്കുന്നത്.

ബുധനാഴ്ചയായിരുന്നു സ്‌മോട്രിച് ബ്രിട്ടനിലെത്തിയത്. ഇയാളുടെ സാന്നിധ്യം ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്യില്ല, എന്നാണ് കത്തില്‍ പറയുന്നത്.

ബ്രിട്ടനിലേക്കുള്ള ഇയാളുടെ എന്‍ട്രി ക്ലിയറന്‍സ് റദ്ദാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

2020 ഡിസംബറില്‍ പുതുക്കിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദ്ദരിച്ച് കൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. ”ഒരാളുടെ ക്യാരക്ടര്‍, സ്വഭാവരീതികള്‍, രാജ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ഏതെങ്കിലും സംഘടനകളുമായുള്ള ബന്ധം, എന്നീ കാര്യങ്ങള്‍ കണക്കിലെടുത്ത് ഒരാളുടെ രാജ്യത്തേക്കുള്ള എന്‍ട്രി തടയാം,” എന്നാണ് 2020ല്‍ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

നിരവധി മുസ്‌ലിം സംഘടനകളും ജൂത സംഘടനകളുമടക്കം സ്‌മോട്രിചിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വംശീയവും തീവ്രദേശീയവും ഹോമോഫോബിക്കുമായ കാഴ്ചപ്പാടുള്ളയാളാണ് സ്‌മോട്രിച് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ ഇസ്രഈല്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നതിനെ പിന്തുണക്കുന്ന നിലപാടാണ് സ്‌മോട്രിച് സ്വീകരിക്കുന്നത്.


Content Highlight: British Conservative MP calls on government to expel far-right Israeli politician Bezalel Smotrich 

We use cookies to give you the best possible experience. Learn more