ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ അധികാരവും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ദരിദ്രര്‍ക്കുമേല്‍ സമ്പത്തിലും വരുമാനത്തിലും അസമത്വം വിതച്ച ഭരണമാണ് എലിസബത്തിന്റെ അന്ത്യത്തോടെ അവശേഷിക്കുന്നത്.
ലാഭക്കൊതിയിലും നികുതി വെട്ടിപ്പിലും ഊന്നി സാമ്രാജ്യത്വ നീക്കങ്ങള്‍ ഏറ്റവും രൂക്ഷമായി നടപ്പാക്കി. അതുകൊണ്ടുതന്നെ, സമത്വമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനും പുരോഗതിക്കും രാജഭരണം തടസമാണ്.
ജനകീയ പരമാധികാരമെന്നാല്‍ ജനങ്ങളുടെയും അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പരമാധികാരമാണെന്ന് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ജനകീയ പരമാധികാരം നേടിയെടുക്കാനായി രാജവാഴ്ചക്ക് കീഴിലുള്ള എല്ലാ അധികാരങ്ങളും ഉന്മൂലനം ചെയ്യേണ്ടതുണ്ട്. രാഷ്ട്രതലവന്‍, സൈനികാധിപതി, മറ്റ് രാജകീയ പ്രത്യേക അവകാശമുള്ളവര്‍, പ്രിവി കൗണ്‍സില്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നുവെന്നും ബ്രിട്ടന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി(96) അന്തരിച്ചത്. സ്‌കോട്ട്ലന്റിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു അന്ത്യം. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രാജ്ഞിയാണ് എലിസബത്ത്.
മരണ സമയത്ത് കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ ഒപ്പമുണ്ടായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇവര്‍. ജുലായ് മുതല്‍ രാജ്ഞി ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പതിവില്‍ നിന്ന് മാറി ബല്‍ഡമോറലില്‍ വെച്ചാണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസിനെ രാജ്ഞി ഔദ്യോഗികമായി നിയമിച്ചത്.
ബ്രിട്ടണ്‍ കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവയാണ്. 56 രാജ്യങ്ങള്‍ അടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗ്രൂപ്പിന്റെ നേതാവും എലിസബത്ത് രാജ്ഞിയാണ്. നിലവില്‍ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങള്‍.