ഒട്ടാവ: ഏപ്രില്‍ 14ന് ‘അംബേദ്കര്‍ തുല്യത ദിന’മായി പ്രഖ്യാപിച്ച് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ ഉത്തരവിറക്കി. ഡോ.ബി.ആര്‍. അംബേദ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് തുല്യത ദിനം ആചരിക്കാന്‍ പ്രവിശ്യ ഭരണകൂടം തീരുമാനിച്ചതെന്ന് കാനഡയിലെ ചേതന അസോസിയേഷന്‍ അറിയിച്ചതായി ഇന്തോ കനേഡിയന്‍ വോയ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ മാസത്തെ ദളിത് ഹിസ്റ്ററി മാസമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവിശ്യ ഭരണകൂടത്തിന്റെ പുതിയ നീക്കം.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 21 മുതല്‍ 26 വരെ മെയിന്‍ലാന്‍ഡ്, വിക്ടോറിയ കൂടി വിപുലമായ കൂടി വിപുലമായ രീതിയില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അംബേദ്ക്കറൈറ്റ് കോര്‍ഡിനേഷന്‍ സൊസൈറ്റിയും അറിയിച്ചിട്ടുണ്ട്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ഛനീചത്വങ്ങള്‍ക്കെതിരെയും സാമൂഹ്യ നീതിക്ക് വേണ്ടിയും അംബേദ്കര്‍ നടത്തിയ പോരാട്ടങ്ങളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ഏപ്രില്‍ 14ന് തുല്യത ദിനമായി ആചരിക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അംബേദ്കറിന്റെ ജീവിതം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും പ്രചോദനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിലും വിപുലമായ രീതിയിലാണ് അംബേദ്കര്‍ ജയന്തി ആഘോഷിച്ചത്. കോണ്‍സുലേറ്റില്‍ അംബേദ്കറിന്റെ ജീവിത കഥ പറയുന്ന മൂക്‌നായക് എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് എല്ലാ ഏപ്രിലും ദളിത് ഹിസ്റ്ററി മാസമായി ആചരിക്കാന്‍ ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പ്രവിശ്യയില്‍ ഭരണത്തിലേറിയ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാനായി ദളിത് ഹിസ്റ്ററി മാസം ആചരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ഡോ. ബി.ആര്‍. അംബേദ്ക്കറിനോടൊപ്പം ദളിത് മുന്നേറ്റ നായകരായ ജ്യോതി റാവു ഫൂലേ, മംഗു റാം, സന്ദ് റാം ഉദാസി എന്നിവരും ജനിച്ച മാസമായത് കൊണ്ടാണ് ദളിത് ഹിസ്റ്ററി മാസമായി ഏപ്രില്‍ തെരഞ്ഞെടുത്തതെന്ന് പ്രവിശ്യ ഭരണാധികാരികള്‍ പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: british columbia announces april 14 as ambedkar day of unity