പാരിസ്: യു.എ.ഇയില്‍ വെച്ച് തടവിലാക്കപ്പെടുകയും പീഡനം നേരിടേണ്ടി വരികയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ യു.എ.ഇ ഉദ്യോഗസ്ഥനെതിരെ ഫ്രാന്‍സില്‍ പരാതിയുമായി രംഗത്ത്. തങ്ങളുടെ അഭിഭാഷകന്‍ വഴിയാണ് മാത്യു ഹെഡ്‌ജെസ്, അലി ഇസ്സ അഹ്മദ് എന്നിവര്‍ പരാതി ഫയല്‍ ചെയ്തത്.
ഇന്റര്‍പോളിന്റെ അടുത്ത മേധാവിയായി മത്സരിക്കാനിരിക്കുന്ന യു.എ.ഇ ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ അല്‍-റൈസിക്കെതിരെയാണ് ഫ്രാന്‍സില്‍ ‘യൂണിവേഴ്‌സല്‍ ജൂറിസ്ഡിക്ഷന്‍ പരാതി’ നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ തന്നെ ല്‌യോണ്‍ ആസ്ഥാനമായാണ് അന്താരാഷ്ട്ര ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനായ ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുന്നത്.
യു.എ.ഇ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഇന്‍സ്‌പെക്ടര്‍ കൂടിയാണ് അല്‍-റൈസി.
ഫ്രാന്‍സിലെ അധികാരികള്‍ പരാതിയുമായി മുന്നോട്ട് പോകുകയും കേസെടുക്കുകയും ചെയ്യുകയാണെങ്കില്‍ ഇദ്ദേഹം ഫ്രാന്‍സിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
അല്‍-റൈസിക്ക് പുറമേ മറ്റ് ആറ് യു.എ.ഇ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടിയാണ് പരാതിയില്‍ ആരോപണമുന്നയിക്കുന്നുണ്ട്. ദുബായില്‍ ജയിലിലായിരുന്ന സമയത്ത് ഉപദ്രവിച്ചു എന്നാണ് പരാതി.
2018ല്‍ ഒരു ഗവേഷണത്തിന്റെ ഭാഗമായി ദുബായിലേക്ക് യാത്ര ചെയ്തപ്പോഴായിരുന്നു മാത്യു ഹെഡ്ജസിനെ അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തെ ഏകാന്ത തടവിലാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
പിന്നാലെ നിര്‍ബന്ധിച്ച് കുറ്റസമ്മതം എഴുതി വാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. ഹെഡ്ജസിനെ ജീവപര്യന്തം തടവിന് വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് 2018 നവംബറില്‍ വെറുതെ വിട്ടു.
2019 ജനുവരിയില്‍ ഏഷ്യ കപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്നതിനായി ദുബായിലെത്തിയതായിരുന്നു അലി ഇസ്സ അഹ്മദ്. യു.എ.ഇയുടെ ചിരവൈരികളായ ഖത്തറിന്റെ ജഴ്‌സി ധരിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് കരുതിയതെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയായിരുന്നു.
‘പൊലീസുകാരുടെ സമയം നഷ്ടപ്പെടുത്തി’എന്ന പേരില്‍ പിഴയടപ്പിച്ച ശേഷം 2019 ഫെബ്രുവരിയില്‍ അദ്ദേഹത്തെ മോചിപ്പിച്ചുവെങ്കിലും തടവിലായിരുന്ന സമയത്ത് മാനസികമായും വംശീയപരമായും തന്നെ അധിക്ഷേപിച്ചിരുന്നു എന്നാണ് അഹ്മദിന്റെ പരാതിയില്‍ പറയുന്നത്. തന്നെ ഷോക്കേല്‍പ്പിക്കുകയും ശരീരം പൊള്ളിക്കുകയും ചെയ്തിരുന്നെ ന്നും അദ്ദേഹം പറഞ്ഞു.