| Tuesday, 23rd November 2021, 10:41 am

യു.എ.ഇയുടെ പൊലീസ് മേധാവി ബ്രിട്ടീഷ് പൗരന്മാരെ ജയിലില്‍ വെച്ച് പീഡിപ്പിച്ചു; ഇന്റര്‍പോള്‍ മേധാവിയാവാനിരിക്കെ അഹ്മദ് നാസര്‍ അല്‍-റൈസിക്കെതിരെ തുര്‍ക്കി കോടതിയില്‍ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: യു.എ.ഇയില്‍ വെച്ച് തടവിലാക്കപ്പെടുകയും പീഡനം നേരിടേണ്ടി വരികയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ യു.എ.ഇ പൊലീസ് മേധാവിക്കെതിരെ തുര്‍ക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. യു.എ.ഇയുടെ ഇന്റര്‍പോള്‍ മേധാവി നോമിനി കൂടിയായ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ അല്‍-റൈസിക്കെതിരെയാണ് മാത്യു ഹെഡ്ജെസ്, അലി ഇസ്സ അഹ്മദ് എന്നിവര്‍ കേസ് കൊടുത്തത്.

യൂണിവേഴ്‌സല്‍ ജൂറിസ്ഡിക്ഷന്‍ പ്രകാരമാണ് കേസ് കൊടുത്തിരിക്കുന്നത്.

ഇസ്താംബൂളില്‍ വെച്ച് ഈ വരുന്ന വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിലൂടെ റൈസിയെ പുതിയ ഇന്റര്‍പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കാനിരിക്കേയാണ് ബ്രിട്ടീഷ് പൗരന്മാര്‍ കേസ് കൊടുത്തത്. യു.എ.ഇ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഇന്‍സ്പെക്ടര്‍ കൂടിയാണ് അല്‍-റൈസി.

”മാത്യു ഹെഡ്ജെസിനേയും അലി ഇസ്സ അഹ്മദിനേയും റൈസി ഉപദ്രവിച്ചിരുന്നു എന്നതിന് ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്,” വാദിഭാഗം അഭിഭാഷകന്‍ ഇസ്താംബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരും അറ്റോര്‍ണിയും നിരന്തരം അന്വേഷണം ആവശ്യപ്പെട്ടിട്ടും യു.എ.ഇ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും റൈസിക്കെതിരെ അന്വേഷണം നടത്താന്‍ തയാറായില്ലെന്നും അഭിഭാഷകന്‍ റോഡ്‌നി ഡിക്‌സന്‍ പറഞ്ഞു.

മുമ്പ് ഫ്രാന്‍സിലും മാത്യുവും അലിയും അഭിഭാഷകന്‍ വഴി റൈസിക്കെതിരെ പരാതി ഫയല്‍ ചെയ്തിയിരുന്നു. ദുബായില്‍ ജയിലിലായിരുന്ന സമയത്ത് റൈസി ഉപദ്രവിച്ചു എന്നായിരുന്നു പരാതി.

2018ല്‍ ഒരു ഗവേഷണത്തിന്റെ ഭാഗമായി ദുബായിലേക്ക് യാത്ര ചെയ്തപ്പോഴായിരുന്നു മാത്യു ഹെഡ്ജസിനെ അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തി എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് അദ്ദേഹത്തെ ഏകാന്ത തടവിലാക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.

പിന്നാലെ നിര്‍ബന്ധിച്ച് കുറ്റസമ്മതം എഴുതി വാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. ഹെഡ്ജസിനെ ജീവപര്യന്തം തടവിന് വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് 2018 നവംബറില്‍ വെറുതെ വിട്ടു.

2019 ജനുവരിയില്‍ ഏഷ്യാകപ്പ് ഫുട്ബോള്‍ മത്സരം കാണുന്നതിനായി ദുബായിലെത്തിയതായിരുന്നു അലി ഇസ്സ അഹ്മദ്. യു.എ.ഇയുടെ ചിരവൈരികളായ ഖത്തറിന്റെ ജഴ്സി ധരിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് കരുതിയതെങ്കിലും യു.എ.ഇ ഇത് നിഷേധിക്കുകയായിരുന്നു.

‘പൊലീസുകാരുടെ സമയം നഷ്ടപ്പെടുത്തി’എന്ന പേരില്‍ പിഴയടപ്പിച്ച ശേഷം 2019 ഫെബ്രുവരിയില്‍ അദ്ദേഹത്തെ മോചിപ്പിച്ചുവെങ്കിലും തടവിലായിരുന്ന സമയത്ത് മാനസികമായും വംശീയപരമായും തന്നെ അധിക്ഷേപിച്ചിരുന്നു എന്നാണ് അഹ്മദിന്റെ പരാതിയില്‍ പറയുന്നത്. തന്നെ ഷോക്കേല്‍പ്പിക്കുകയും ശരീരം പൊള്ളിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

2018 ഇന്റര്‍പോള്‍ മേധാവി സ്ഥാനത്തേക്കുള്ള ഏഷ്യ ഡെലിഗേറ്റ് ആയും റൈസിയെ തെരഞ്ഞെടുത്തിരുന്നു. ഇന്റര്‍പോള്‍ മേധാവി സ്ഥാനത്തേക്ക് റൈസിയെ നോമിനിയാക്കിയത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കിടയിലും ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.

മുമ്പും ഇയാള്‍ക്കെതിരെ നിരവധി ചൂഷണപരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: British citizens filed lawsuit in Turkey against UAE nominee for Interpol chief accusing of torture while in jail

We use cookies to give you the best possible experience. Learn more