World News
ഗസയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുനസ്ഥാപിക്കണം; ബി.ബി.സിക്ക് കത്തെഴുതി പ്രമുഖ ബ്രിട്ടീഷ് താരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 11:22 am
Thursday, 6th March 2025, 4:52 pm

ലണ്ടന്‍: ഗസയിലെ കുട്ടികളുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയായ ‘ഗസ: ഹൗ ടു സര്‍വൈവ് എ വാര്‍സോണ്‍’ എന്ന ഡോക്യുമെന്ററി ഐ പ്ലെയറില്‍ തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബ്രോഡ്കാസ്റ്ററായ ബി.ബി.സിക്ക് കത്തെഴുതി പ്രമുഖ ബ്രിട്ടീഷ് താരങ്ങള്‍.

അഭിനേതാക്കളായ റൂത്ത് നെഗ്ഗ, ജൂലിയറ്റ് സ്റ്റീവന്‍സണ്‍, മിറിയം മാര്‍ഗോളീസ്, ബി.ബി.സി അവതാരകനായ ഗാരി ലിനേക്കര്‍, എന്നിങ്ങനെ നൂറുകണക്കിന് ആളുകളാണ് ഡോക്യുമെന്ററി തിരികെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം എഴുതിയത്.

ഇസ്രഈല്‍ അനുകൂല പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണ് ബി.ബി.സി കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പിന്‍വലിച്ചത്. റൂത്ത് ഡീച്ച് ഉള്‍പ്പെടെയുള്ള 45 പ്രമുഖ ജൂത പത്രപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു സംഘം ഐപ്ലേയറില്‍ നിന്ന് ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ബിസിക്ക് കത്തെഴുതിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഐ പ്ലെയയറില്‍ നിന്ന് ചിത്രം പിന്‍വലിക്കപ്പെട്ടത്.

ഗസയിലെ സഹ. കൃഷി വകുപ്പ് മന്ത്രി ഡോ. അയ്മാന്‍ അലിയാസൂരിയുടെ 14 വയസ്സുള്ള മകനിലൂടെയാണ് ഡോക്യുമെന്ററിയുടെ കഥ പറയുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രഈല്‍ അനുകൂലികള്‍ ഡോക്യുമെന്ററിയെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ മകന്‍ അബ്ദുള്ള അലിയാസൂരിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണവും നടന്നിരുന്നു.

ബ്രിട്ടനില്‍ നിരോധിത ഭീകര സംഘടനയാണ് ഹമാസ്. അതിനാല്‍ ഹമാസ് അംഗത്തിന്റെ മകന്‍ ആഖ്യാതാവ് ആകുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നായിരുന്നു വിമര്‍ശകരുടെ വാദം.

അതേസമയം 14 വയസുള്ള അബ്ദുള്ള അലിയാസൂരിക്ക് നേരെയുള്ള ആക്രമണങ്ങള്‍ സുരക്ഷാവീഴ്ച്ചയാണെന്നും കുട്ടികളെ മുതിര്‍ന്നവരുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളാക്കരുതെന്നും ചിത്രത്തെ അനുകൂലിച്ച് കത്തെഴുതിയവര്‍ പറയുന്നു.

‘ഗസയില്‍ ബോംബാക്രമണം, പട്ടിണി, രോഗം എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന ആളുകളോട് യാതൊരു സഹതാപവും കാണിക്കാത്ത ഫലസ്തീന്‍ വിരുദ്ധരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ചിത്രം പിന്‍വലിച്ചതെന്ന് കൗണ്‍സില്‍ ഫോര്‍ അറബ്-ബ്രിട്ടീഷ് അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ ഡയറക്ടര്‍ ക്രിസ് ഡോയല്‍ പ്രതികരിച്ചു.

ഗസയിലെ ഫലസ്തീന്‍ കുട്ടികളെ പ്രതിനിധീകരിച്ചുള്ള ഈ ഡോക്യുമെന്ററി, ഈ ഭയാനകമായ യുദ്ധമേഖലയിലെ ജീവിതം എങ്ങനെയുള്ളതാണെന്ന് കാണിച്ചുതന്നൂവെന്നും അദ്ദേഹം പറയുകയുണ്ടായി.

ഡോക്യുമെന്ററി പുറത്തുവന്നതിനു ശേഷം ബി.ബി.സി, തങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തിയിരുന്നു.

യു.കെയില്‍ നിരോധിച്ചിരിക്കുന്ന ഹമാസുമായുള്ള ആണ്‍കുട്ടിയുടെ ബന്ധത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് താന്‍ ചിത്രം നീക്കം ചെയ്തതെന്ന് ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പറഞ്ഞു.

ഗസയിലെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും സിവില്‍ സര്‍വീസുകാരെയും ഹമാസാണ് നിയമിക്കുന്നത്. ഗസയിലെ മന്ത്രിയാവുന്നതിന് മുമ്പ് ഡോ. അയ്മാന്‍ അലിയാസൂരി യു.എ.ഇ സര്‍ക്കാരിന് കീഴിലും സേവനം അനുഷ്ടിച്ചിരുന്നു. ബ്രിട്ടീഷ് സര്‍വകലാശാലകളിലാണ് അദ്ദേഹം തന്റെ പനം പൂര്‍ത്തിയാക്കിയത്.

Content Highlight:  British celebrities write to BBC demanding restoration of Gaza documentary