ഹൂത്തികൾ ആക്രമിച്ച ബ്രിട്ടീഷ് കപ്പൽ മുങ്ങൽ ഭീഷണിയിൽ; യു.എസ് ഡ്രോൺ വെടിവെച്ചിട്ടെന്നും യെമൻ
World News
ഹൂത്തികൾ ആക്രമിച്ച ബ്രിട്ടീഷ് കപ്പൽ മുങ്ങൽ ഭീഷണിയിൽ; യു.എസ് ഡ്രോൺ വെടിവെച്ചിട്ടെന്നും യെമൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th February 2024, 5:54 pm

സനാ: ഏദൻ കടലിടുക്കിൽ ബ്രിട്ടീഷ് കാർഗോ കപ്പലിന് നേരെയുള്ള മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂത്തികൾ.

ബ്രിട്ടീഷ് കപ്പലായ റൂബിമാറിന് നേരെ മതിയായ മിസൈലാക്രമണം നടത്തിയതായി യെമനി സേനയുടെ വക്താവായ ബ്രിഗേഡിയർ ജനറൽ യഹിയ സരീ അറിയിച്ചു.

കപ്പലിന് വലിയ രീതിയിൽ നാശനഷ്ടം സംഭവിച്ചുവെന്നും മുങ്ങൽ ഭീഷണിയിലാണെന്നും സരീ അറിയിച്ചു. അതേസമയം കപ്പലിലെ ക്രൂ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

യെമന്റെ പശ്ചിമ തീരപ്രവിശ്യയായ ഹുദൈദയിലൂടെ പറന്ന യു.എസ് ഡ്രോൺ എം.ക്യൂ-9 റീപ്പറിനെ യെമനി എയർ ഡിഫൻസ്‌ യൂണിറ്റ് വെടിവെച്ചിട്ടുവെന്നും സരീ പറഞ്ഞു.

തങ്ങളുടെ നാടിനെ പ്രതിരോധിക്കാനും ഫലസ്തീൻ ജനതയോടുള്ള പിന്തുണ പ്രകടിപ്പിക്കുവാനും ശത്രുക്കൾക്കെതിരെ എന്തു തരം ഓപ്പറേഷൻ നടത്തുവാനും മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

യെമൻ തീരത്ത് ഒരു കപ്പലിന് സമീപം സ്‌ഫോടനം നടന്നതായി രണ്ട് പാശ്ചാത്യ സമുദ്ര സുരക്ഷാ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും, സുരക്ഷാ സ്ഥാപനമായ ആംബ്രെയുമാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ഏദന്റെ കിഴക്ക് ഭാഗത്ത് ഒരു കപ്പലിന് സമീപത്തായി സ്‌ഫോടനം നടന്നതായും പ്രസ്തുത കപ്പൽ തുറമുഖത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബൾക്ക് കാരിയർ ഒരു സ്‌ഫോടനാത്മക പ്രൊജക്‌റ്റൈൽ ലക്ഷ്യം വെച്ചിരുന്നുവെന്നും ആക്രമണത്തിൽ കപ്പലിൽ നിന്ന് പൊട്ടിത്തെറി ഉണ്ടാവുകയും ഡീസൽ ജനറേറ്റർ പൈപ്പിൽ ഇടിച്ച തകരാർ മൂലം കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും അത് ഡീസൽ ചോർച്ചയിലേക്ക് നയിക്കുകയും ചെയ്തതായി ആംബ്രെ പറഞ്ഞിരുന്നു.

CONTENT HIGHLIGHT: British cargo ship ‘on verge of sinking’ after Yemeni missile attack in Gulf of Aden