| Saturday, 19th November 2022, 10:17 am

ഇറാഖില്‍ അധിനിവേശം നടത്തി തീവ്രവാദത്തിന് തുടക്കമിട്ട നമുക്കാണോ പിന്നെ ലോകകപ്പ് നടത്താന്‍ യോഗ്യത? അമേരിക്കന്‍ അവതാരകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകകപ്പിന് വേദിയായ ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ്-അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍. ദ ന്യൂസ് ഏജന്റ്‌സ് എന്ന പോഡ്കാസ്റ്റ് ഷോയില്‍ വെച്ചാണ് ലോകകപ്പിന് വേദിയാകുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ പിയേഴ്‌സ് മോര്‍ഗന്‍ സംസാരിച്ചത്.

ഡേവിഡ് ബെഡീല്‍, ഗാരി ലിനേക്കര്‍ തുടങ്ങിയ മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഖത്തര്‍ ലോകകപ്പിന് പോകില്ലെന്നും ഖത്തര്‍ പണം സ്വീകരിക്കില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖത്തര്‍ ലോകകപ്പിനെ കുറിച്ച് അവതാരക എമിലി മെയ്റ്റിലിസ് പിയേഴ്‌സ് മോര്‍ഗനോട് ചോദ്യമുന്നയിച്ചത്. ഖത്തറിലേക്ക് പോകുമോയെന്നും അവര്‍ ചോദിച്ചിരുന്നു.

സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കുന്ന ഖത്തറിനെതിരെ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നായിരുന്നു പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞത്. ഖത്തറിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെയും വിമര്‍ശനങ്ങളുടെയും അതേ അളവുകോല്‍ വെച്ച് മറ്റ് രാജ്യങ്ങളെയും അളക്കാന്‍ തുടങ്ങിയാല്‍ ലോകകപ്പിന് വേദിയാകാന്‍ യോഗ്യതയുള്ള ഒരു രാഷ്ട്രവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് സ്‌പോര്‍ട്‌സ്‌വാഷിങ്ങാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകളും കോര്‍പറേറ്റുകളും മറ്റ് സ്ഥാപനങ്ങളുമൊക്കെ തങ്ങള്‍ ചെയ്ത തെറ്റായ പ്രവര്‍ത്തികള്‍ മറക്കാനും ഇമേജ് തിരിച്ചുപിടിക്കാനും കായികമത്സരങ്ങളെയും ടൂര്‍ണമെന്റുകളെയും ഉപയോഗിക്കുന്നതിനെയാണ് സ്‌പോര്‍ട്‌സ്‌വാഷിങ് എന്ന് പറയുന്നത്.

‘ഞാന്‍ ഖത്തറിലേക്ക് പോകുന്നുണ്ട്. അമേരിക്കയും ഇംഗ്ലണ്ടും വരുന്ന ഗ്രൂപ്പ് സ്റ്റേജുകളില്‍ ഫോക്‌സിന് വേണ്ടി ഞാന്‍ ഗെയിം അവലോകനവും മറ്റും നടത്തുന്നുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും എനിക്ക് ഷോ ഉള്ളതുകൊണ്ട് തീര്‍ച്ചയായും ഞാന്‍ ഈ ലോകകപ്പിന് പോകും.

ഇപ്പോള്‍ നടക്കുന്ന ഈ സ്‌പോര്‍ട്‌സ്‌വാഷിങ് ഡിബേറ്റുകളെ കുറിച്ച് കൂടി എനിക്ക് ചിലത് പറയാനുണ്ട്. തികച്ചും കപടമായ കുറെ അഭിപ്രായപ്രകടനങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ നിന്നും ചില ഉദാഹരണങ്ങള്‍ ഞാന്‍ പറയാം.

ലോകകപ്പിന് മത്സരിക്കുന്ന 32 രാജ്യങ്ങളില്‍ എട്ടിലും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്. എന്നു പറഞ്ഞാല്‍ ടീമുകളുടെ മൊത്തം എണ്ണത്തിന്റെ നാലിലൊന്ന് വരും അത്. സ്വവര്‍ഗാനുരാഗത്തിന്റേ പേരും പറഞ്ഞാണ് നിങ്ങള്‍ ഖത്തറിനെതിരെ തിരിയുന്നതെങ്കില്‍ മറ്റ് ഏഴ് രാജ്യങ്ങളോടും നിങ്ങള്‍ അങ്ങനെ തന്നെ പെരുമാറണം. അതുപോലെ ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കൊരു ലോകകപ്പ് ഉണ്ടാകില്ല.

പിന്നെ മറ്റൊരു കാര്യം, ലോകകപ്പിന് ആദ്യമായി വേദിയാകുന്ന മിഡില്‍ ഈസ്റ്റ് രാജ്യമാണ് ഖത്തര്‍. അവിടെയല്ലെങ്കില്‍ മറ്റെവിടെയാണ് നിങ്ങള്‍ ലോകകപ്പ് നടത്താന്‍ പോകുന്നത് എന്ന് കൂടി ഒന്ന് പറയണം.

ആഫ്രിക്കയെയാണോ വേദിയാക്കാന്‍ ഉദ്ദേശിക്കുന്നത്, അവിടെയുള്ള നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാണ്. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് അങ്ങോട്ട് പോകാനാകുമോ, ഇല്ലല്ലോ. അപ്പോ ആ വന്‍കര തീര്‍ന്നു.

ഇനി നിങ്ങള്‍ അമേരിക്കയിലേക്ക് വേദി മാറ്റാനാണ് ആലോചിക്കുന്നതെങ്കില്‍ അവിടെ ഇതിനേക്കാള്‍ ക്രൂരവും പിന്തിരിപ്പനുമായ നിയമങ്ങളാണുള്ളത്. അബോര്‍ഷന്റെ കാര്യം തന്നെ ഉദാഹരണം. യു.കെയിലും അങ്ങനെ തന്നെയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ ‘മര്യാദ പഠിപ്പിക്കല്‍’ തുടങ്ങിയാല്‍ ഇത് എവിടെ ചെന്നാണ് അവസാനിക്കുക. ഒരു പ്രശ്‌നവുമില്ലാത്ത ഏത് രാജ്യമാണുള്ളത്. സ്വന്തം കൈകള്‍ അത്രമേല്‍ ശുദ്ധമായ ഏത് രാജ്യത്തിനാണ് ലോകകപ്പ് വേദിയാകാനുള്ള യോഗ്യതയുള്ളത്.

നമ്മുടെ കാര്യം തന്നെ നോക്കൂ. ഇറാഖില്‍ നിയമവിരുദ്ധ അധിനിവേശം നടത്തിയവരാണ് നമ്മള്‍. ഐ.എസ്.ഐ.എസിന്റെ തീവ്രവാദത്തിനും തുടക്കം കുറിച്ചു. 20 വര്‍ഷങ്ങളിലേറെയായി ആ തീവ്രവാദം തുടരുന്നു. ആ നമുക്ക് ലോകകപ്പ് വേദിയാകാന്‍ എന്തെങ്കിലും യോഗ്യതയുണ്ടോ,’ പിയേഴസ് മോര്‍ഗന്‍ പറഞ്ഞു.

പിയേഴ്‌സ് മോര്‍ഗന്‍ അനാവശ്യമായി ഓരോന്ന് സംസാരിക്കുകയാണ് എന്നായിരുന്നു ഇതിന് പിന്നാലെ എമിലി മെയ്റ്റിലിസ് പറഞ്ഞത്. എന്നാല്‍ താന്‍ വെറുതെ പറയുന്നതല്ലെന്നും കൃത്യമായ വസ്തുതകളാണ് മുന്നോട്ടുവെച്ചതെന്നുമുള്ള ശക്തമായ മറുപടി പിയേഴ്‌സ് മോര്‍ഗന്‍ നല്‍കി.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തെയും ലോകകപ്പ് വേദികളുടെ നിര്‍മാണത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികളെയും കുറിച്ച് പിയേഴ്‌സ് മോര്‍ഗന് ഒരു ചിന്തയുമില്ലെന്നാണോ കരുതേണ്ടത് എന്ന് എമിലി തിരിച്ചു ചോദിച്ചു.

നിങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് പോയിട്ടുണ്ടോ എന്നും ഇനി പോകുമോയെന്നുമായിരുന്നു ഇതിനോടുള്ള മോര്‍ഗന്റെ മറുചോദ്യം. താന്‍ അവിടെ പോയിട്ട് ഏറെ കാലമായെന്നും തീര്‍ച്ചയായും ഇനിയും പോകുമായിരിക്കുമെന്നാണ് അവതാരക മറുപടി നല്‍കിയത്.

എന്നാല്‍ പിന്നെ ഈ ചര്‍ച്ച അവസാനിച്ചുവെന്ന് മോര്‍ഗനും പറഞ്ഞു. അതില്‍ വിശദീകരണം ആവശ്യമാണെന്ന് അവതാരക തിരിച്ചു പറഞ്ഞു.

‘ഒരു രാജ്യം ചെയ്യുന്ന കാര്യങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവിടെ പോകാതിരിക്കുക എന്നതല്ലേ ചെയ്യേണ്ടത്. അതല്ല എന്നാണെങ്കില്‍ അതാണ് ഞാന്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന ഹിപ്പോക്രസി,’ പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞു.

ലോകകപ്പിന്റെ ഭാഗമായി ഖത്തറില്‍ നടന്ന നിരവധിയായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം യൂറോപ്യന്‍ ടീമുകളും പാശ്ചാത്യമാധ്യമങ്ങളും ഖത്തറിനെതിരെ വ്യാജ വാര്‍ത്തകളടക്കം നല്‍കികൊണ്ട് നടത്തുന്ന ക്യാമ്പെയ്‌നിന് പിന്നില്‍ മുസ്‌ലിം വിരോധവും വംശീയതയുമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Content Highlight: British-American anchor Piers Morgan says protests against Qatar World Cup is hypocrisy

We use cookies to give you the best possible experience. Learn more