ലണ്ടന്‍: ഐസ്‌കട്ട വീണുണ്ടായ അപകടത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു.
ക്രിസ്മസ് ദിനത്തില്‍ ലണ്ടനില്‍ നിന്നുള്ള യാത്രക്കിടെയാണ് 35,000 അടി ഉയരത്തില്‍ പറക്കവെ വിമാനത്തിന് മുകളിലേക്ക് ഐസ്‌കട്ട വീണത്.
ഈ വിമാനത്തിനും 1000 അടി മുകളില്‍ പറക്കുകയായിരുന്ന മറ്റൊരു ജെറ്റ് വിമാനത്തില്‍ നിന്നും ഐസ്‌കട്ട താഴെ ചില്ലിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ രണ്ട് ഇഞ്ച് കനമുണ്ടായിരുന്നു ചില്ല് തകര്‍ന്നു.
BA2236 ബോയിംഗ് 777 വിമാനം ലണ്ടനിലെ ഗാട്‌വിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോസ്റ്ററിക്കയിലെ സാന്‍ ഹോസിലേക്കുള്ള യാത്രയിലായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സാന്‍ ജോസ് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഇത്തരം അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ സുരക്ഷിതരായി ലാന്‍ഡ് ചെയ്യുന്ന ലക്ഷത്തിലൊരു സംഭവം മാത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ ബുദ്ധിമുട്ട് നേരിട്ട എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക തിരിച്ച് നല്‍കുമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഫ്‌ളൈറ്റ് വൈകിയതിന് നഷ്ടപരിഹാരമായി ഓരോ യാത്രക്കാരനും 520 പൗണ്ട് വീതം നല്‍കുമെന്നും എയര്‍വേസ് അറിയിച്ചു.
യാത്രക്കാരുടെ ക്രിസ്മസ് ദിനാഘോഷങ്ങളെ അപകടം ബാധിച്ചതില്‍ എയര്‍വേസ് അധികൃതര്‍ മാപ്പ് ചോദിക്കുകയും ചെയ്തു.