World News
രാമനും സീതയും ചേര്‍ന്ന് രാവണനെ വധിച്ചപോലെ കൊവിഡിനെ ഇല്ലാതാക്കും; ബോറിസ് ജോണ്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 07, 05:31 pm
Saturday, 7th November 2020, 11:01 pm

ലണ്ടന്‍: രാവണനെ വധിച്ച് മാതൃരാജ്യത്തെ രക്ഷിച്ച രാമനെയും സീതയേയും പോലെ കൊവിഡ് വൈറസിനെ ഇല്ലാതാക്കി രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലെത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

ദീപാവലിയോടനുബന്ധിച്ച് നടന്ന ഐ ഗ്ലോബല്‍ ദിവാലി ഫെസ്റ്റ് 2020 യുടെ വിര്‍ച്വല്‍ കോണ്‍ഫറന്‍സിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘നമുക്ക് മുന്നില്‍ നിരവധി കടമ്പകളുണ്ട്. എനിക്കുറപ്പുണ്ട് ഇതെല്ലാം നമ്മള്‍ അതിജീവിക്കും.അന്ധകാരത്തിനുമേല്‍ വെളിച്ചം മേല്‍ക്കൈ നേടിയ ഈ ദീപാവലി നമ്മെ പഠിപ്പിക്കുന്നതും അതാണ്’- രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

‘രാവണനെ വധിച്ച് രാജ്യം സ്വന്തമാക്കി രാമനും സീതയും സ്വന്തം രാജ്യത്തേക്കുള്ള വഴി കണ്ടെത്തിയ പോലെ. നിരവധി ദീപങ്ങള്‍ അവര്‍ക്ക് വഴി തെളിച്ചു. അതുപോലെ നമുക്കും വഴി കണ്ടെത്താം. വിജയകരമായി അത് കണ്ടെത്തുമെന്നു തന്നെയാണ് എന്റെ വിശ്വാസം’- ബോറിസ് പറഞ്ഞു.

അതേസമയം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ദീപാവലി ആഘോഷിക്കുമെന്ന് തീരുമാനമെടുത്ത ഇന്ത്യന്‍ വംശജര്‍ക്ക് പ്രത്യേകം ആശംസകളെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളോടും കുടുബാംഗങ്ങളോടും കൂടി ഒരുമിച്ച് ആഘോഷിക്കേണ്ട ദീപാവലി ഇത്തരത്തില്‍ അകലെയിരുന്ന് ആഘോഷിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം തനിക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിര്‍ച്വല്‍ ഫെസ്റ്റായ ഐ ഗ്ലോബല്‍ ദീപാവലി 2020 ല്‍ ബ്രിട്ടണിലെ നിരവധി രാഷ്ട്രീയ പ്രമുഖരാണ് പങ്കെടുക്കുന്നത്.

യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍, ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍, ലിബറല്‍ ഡെമോക്രാറ്റ് എഡ് ഡേവി എന്നിവര്‍ ഫെസ്റ്റില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Borris Jonson On Covid Resistence