| Monday, 23rd August 2021, 12:03 pm

ജി 7 ഉച്ചകോടിയില്‍ താലിബാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: താലിബാനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍. നാളെ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരായിരുന്നു ഈ വിര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നത്.

താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയും അവിടം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ താവളമാവുകയും ചെയ്യുകയാണെങ്കില്‍ താലിബാനുമേല്‍ കര്‍ശനമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താലിബാനെതിരെ ഒരു സംയുക്ത സമീപനമാണ് ജി 7 രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ബോറിസ് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷങ്ങളായുള്ള അഫ്ഗാന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാനും, സുരക്ഷിതമായ ഒഴിപ്പിക്കലുകള്‍ ഉറപ്പുവരുത്താനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.

അമേരിക്കയും ഈ ഉപരോധത്തെ പിന്തുണയ്ക്കുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് ശ്രമകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ മാസം 31നകം അമേരിക്കന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി പൂര്‍ത്തിയാക്കുമെന്നും, അതിനുശേഷം താലിബാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ തയ്യാറാണെന്നുമാണ് അമേരിക്കയുടെ നിലപാട്.

അതേസമയം, സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്. ഒപ്പം തന്നെ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ എല്ലാ പൗരന്മാരേയും തിരിച്ചെത്തിക്കാനുള്ള നടപടികളും രാജ്്യങ്ങള്‍ തുടര്‍ന്ന് വരികയാണ്.

20 വര്‍ഷങ്ങള്‍ക്ക്് ശേഷം അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Britain To Push For Sanctions On Taliban At G7 Meeting: Report

We use cookies to give you the best possible experience. Learn more