| Wednesday, 2nd November 2022, 6:21 pm

വേതന വര്‍ധനവടക്കം ആവശ്യപ്പെട്ട് റോയല്‍ മെയ്ല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനില്‍ റോയല്‍ മെയ്ല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവാരവുമായിട്ടായിരിക്കും സമരം നടത്തുക. 48 മണിക്കൂറായിരിക്കും തൊഴിലാളികള്‍ പണിമുടക്കുക.

എന്നാല്‍ നവംബര്‍ 12, 14 തീയതികളില്‍ യൂണിയന്‍ നടത്താനിരുന്ന പണിമുടക്കുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ശമ്പളം, ജോലി സാഹചര്യങ്ങള്‍, മറ്റ് വ്യവസ്ഥകള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ചാണ് പണിമുടക്ക് സമരം.

റോയല്‍ മെയ്ല്‍ തൊഴിലാളികള്‍ക്കിടയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (The Communication Workers’ Union- CWU) നേതൃത്വത്തിലായിരിക്കും സമരം. 115,000ലധികം റോയല്‍ മെയ്ല്‍ പോസ്റ്റല്‍ വര്‍ക്കേഴ്സാണ് സംഘടനയില്‍ അംഗങ്ങളായുള്ളത്.

രണ്ട് വര്‍ഷത്തിനിടയിലെ ഏകദേശം ഒമ്പത് ശതമാനം ശമ്പള ഓഫര്‍ നിരസിക്കാന്‍ സംഘടന അംഗങ്ങളോട് ശിപാര്‍ശ ചെയ്യും. റോയല്‍ മെയ്‌ലിന്റെ വേതനവര്‍ധന ഓഫറിനെ ‘പരിഹാസം’ (derisory) എന്നാണ് യൂണിയന്‍ വിശേഷിപ്പിച്ചത്.

അതേസമയം, വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഈ സമയത്ത് പണിമുടക്കരുതെന്ന് റോയല്‍ മെയ്ല്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാരണം ഓണ്‍ലൈന്‍ ഷോപ്പിങ് ഏറ്റവും കൂടുതല്‍ നടക്കുന്ന, കമ്പനിയുടെ വര്‍ഷത്തിലെ ഏറ്റവും ലാഭകരമായ രണ്ട് ദിവസങ്ങളിലുള്‍പ്പെടെയാണ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 24, 25 പിന്നീട് നവംബര്‍ 30, ഡിസംബര്‍ ഒന്ന് എന്നീ തീയതികളിലായിരിക്കും പണിമുടക്ക്.

Content Highlight: Britain’s Royal Mail postal workers to go on strike

We use cookies to give you the best possible experience. Learn more