World News
ഗസയിലെ യുദ്ധത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കണം; ജെര്‍മി കോര്‍ബിനെ പിന്തുണച്ച് കൂടുതല്‍ ബ്രിട്ടീഷ് എം.പിമാര്‍ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Monday, 17th March 2025, 5:19 pm

ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിനും പങ്കുണ്ടെന്ന സ്വതന്ത്ര ബ്രിട്ടീഷ് എം.പി ജെര്‍മി കോര്‍ബിന്റെ വാദത്തിന് പിന്തുണയുമായി കൂടുതല്‍ ബ്രിട്ടീഷ് എം.പിമാര്‍ രംഗത്ത്. ഗസയിലെ ബ്രിട്ടന്റെ ഇടപെടുലകളില്‍ ‘ചില്‍ക്കോട്ട്’ (ഇറാഖ് യുദ്ധത്തിലെ ബ്രിട്ടന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം) രീതിയില്‍ അന്വേഷണം നടത്തണമെന്ന് ജെര്‍മി കോര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നു.

ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിമാരായ റിച്ചാര്‍ഡ് ബര്‍ഗണ്‍, ബ്രയാന്‍ ലീഷ്മാന്‍, ഡയാന്‍ അബോട്ട് സ്വതന്ത്ര എം.പി സാറാ സുല്‍ത്താന, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ബ്രെന്‍ഡന്‍ ഒ’ഹാര, ഗ്രീന്‍ പാര്‍ട്ടി സഹനേതാവ് കാര്‍ല ഡെനിയര്‍ എന്നിവരാണ് കോര്‍ബിനേയും അദ്ദേഹത്തിന്റെ സ്വതന്ത്ര മുന്നണിയിലെ അംഗങ്ങളേയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

അന്വേഷണത്തിന് ആവശ്യപ്പെട്ട് മാര്‍ച്ച് നാലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് കോര്‍ബിന്‍ അയച്ച കത്തില്‍ ഇസ്രഈലിന്റെ സൈനിക നടപടികളില്‍ ബ്രിട്ടന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. കത്തില്‍ ഇറാഖ് അധിനിവേശത്തെക്കുറിച്ചുള്ള ചില്‍കോട്ട് അന്വേഷണത്തെക്കുറിച്ചും കോര്‍ബിന്‍ പ്രതിപാദിക്കുന്നുണ്ട്.

‘ഗസയിലെ ഇസ്രഈലിന്റെ മിലിട്ടറി ഓപ്പറേഷനില്‍ ബ്രിട്ടന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതില്‍ ആയുധ വില്‍പ്പനയും സൈപ്രസിലെ റോയല്‍ എയര്‍ ഫോഴിസിന്റെ ഉപയോഗവുമെല്ലാം ഉള്‍പ്പെടും. സുതാര്യതയും ഉത്തരവാദിത്തവും ജനാധിപത്യത്തിന്റെ മൂലക്കല്ലുകളാണ്. അതിനാല്‍ ഗസയിലെ ഇസ്രഈല്‍ സൈനിക ആക്രമണത്തിലെ യു.കെയുടെ പങ്കാളിത്തത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ എം.പിമാര്‍ ഗാര്‍ഡിയന് അയച്ച കത്തില്‍ പറയുന്നു.

2023 ഒക്ടോബറില്‍ യുദ്ധം ആരഭിച്ചത് മുതല്‍ യുദ്ധവും ആയുധക്കൈമാറ്റമടക്കമുള്ള സുപ്രധാന തീരുമാനങ്ങളില്‍ പങ്കാളികളായ എല്ലാ മന്ത്രിമാരും അന്വേഷണത്തിന്റെ ഭാഗമാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതിന് പുറമെ യുദ്ധക്കുറ്റങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍, ഉദ്യോഗസ്ഥരേയും പങ്കാളികളാക്കിയതായി ആരോപണമുണ്ട്. അത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം വിദേശകാര്യ ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥനായ മാര്‍ക്ക് സ്മിത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പെരുമാറ്റം വര്‍ധിച്ച് വരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ ബ്രിട്ടന് പങ്കുണ്ടെന്നാരോപിച്ച മാര്‍ക്ക് സ്മിത് ഇതില്‍ പ്രതിഷേധിച്ച്‌  ബ്രിട്ടീഷ് വിദേശകാര്യ ഓഫീസര്‍ പദവി രാജിവെച്ചിരുന്നു.

Content Highlight: Britain’s role in the war in Gaza should be investigated; More British MPs come out in support of Jeremy Corbyn