| Monday, 1st August 2022, 2:51 pm

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വംശീയത ഒരു ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല: റിഷി സുനക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വംശീയത ഒരു ഘടകമാണെന്ന് കരുതുന്നില്ലെന്ന് റിഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ വംശജനാണ് റിഷി സുനക്.

വിജയിക്കുകയാണെങ്കില്‍ ബ്രിട്ടന്റെ ചരിത്രത്തിലലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി കൂടിയായിരിക്കും സുനക്. ഈ ചരിത്രനേട്ടത്തിന് തൊട്ടടുത്ത് നില്‍ക്കവെയാണ് വംശീയതയെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ വംശീയത ഒരു ഘടകമല്ല എന്നാണ് റിഷി സുനക് അഭിപ്രായപ്പെട്ടത്.

”ആരുടെയെങ്കിലും തീരുമാനത്തില്‍ വംശീയത ഒരു ഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ശരിയാണെന്ന് ഞാന്‍ കരുതുന്നുമില്ല. ഞാന്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

എല്ലാത്തിനുമുപരിയായി ഞങ്ങള്‍ മെറിറ്റിനാണ് പ്രാധാന്യം നല്‍കുന്നത്. ആരാണ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ ആള്‍, ഈ ചോദ്യം അവരിപ്പോള്‍ തീര്‍ച്ചയായും പരിഗണിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ്.

ലിംഗഭേദം, വംശീയത എന്നീ ഘടകങ്ങള്‍ക്ക് അവിടെ ഒരു സ്ഥാനവുമില്ല, ”ദി ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ റിച്ച്‌മൊണ്ട് എം.പിയായ റിഷി സുനക് പറഞ്ഞു.

രാജി വെച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള റിഷി സുനക്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഒന്നാമതെത്തിയിരുന്നു.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും റിഷി സുനകുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവസാനഘട്ടത്തില്‍ പരസ്പരം മത്സരിക്കുന്നത്.

ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചുവെങ്കിലും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തിന് കോട്ടമൊന്നും തട്ടാത്തതിനാല്‍ അടുത്ത പ്രധാനമന്ത്രിയും പാര്‍ട്ടിയില്‍ നിന്നുള്ള അംഗം തന്നെയായിരിക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് ഒക്ടോബര്‍ വരെ നീണ്ടേക്കും.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് റിഷി സുനക്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് 2020 നവംബറില്‍ നടത്തിയ പാര്‍ട്ടിയും ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിട്ട ഒരു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിക്ക് സ്ഥാനക്കയറ്റം നല്‍കിയതും വിവാദമായതോടെയായിരുന്നു ബോറിസ് ജോണ്‍സണ് രാജി വെക്കേണ്ടി വന്നത്.

ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കറും മുന്‍ ധനമന്ത്രിയുമായ റിഷി സുനക്, യു.കെ സര്‍ക്കാരിന്റെ ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന സജിദ് ജാവിദ് എന്നിവര്‍ രാജി വെച്ചതോടെയായിരുന്നു ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ പതനം ആരംഭിച്ചത്.

പിന്നീട് സര്‍ക്കാരിന്റെ ഭാഗമായിരുന്ന എം.പിമാര്‍ കൂട്ടത്തോടെ രാജി വെച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ ഏഴിന് ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.

Content Highlight: Britain’s Prime Minister candidate, Indian origin, Rishi Sunak says racism is not a factor in PM race

We use cookies to give you the best possible experience. Learn more