ലണ്ടണ്‍: ഗസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി. ഫലസ്തീനില്‍ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന, ഭേദഗതി ചെയ്യപ്പെട്ട പ്രമേയത്തിന്റെ പതിപ്പിന് പാര്‍ട്ടി എം.പിമാര്‍ പിന്തുണ നല്‍കണമെന്ന് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.പി) ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഇരു രാജ്യങ്ങളിലെയും ബന്ദികളെ മോചിപ്പിക്കേണ്ടത് നിര്‍ണായക ആവശ്യമായി മാറിയിരിക്കുന്നു. പോരാട്ടം അവസാനിപ്പിക്കേണ്ടതുണ്ട്. ഗസയിലേക്ക് വലിയ തോതില്‍ മാനുഷിക സഹായം എത്തിക്കേണ്ടതുണ്ട്. കൂടാതെ റഫയിലെ സൈനിക നടപടി മുന്നോട്ട് കൊണ്ടുപോവുന്നതില്‍ താത്പര്യമില്ല,’ ലേബര്‍ പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന എം.പിമാര്‍ യുദ്ധത്തില്‍ ഇസ്രഈലിന്റെ നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഗസക്കെതിരായ ആക്രമണത്തില്‍ ഇസ്രഈല്‍ ന്യായമായ പ്രതിരോധത്തിനപ്പുറം കടന്നെന്ന് പാര്‍ട്ടിയുടെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞിരുന്നു.
അതേസമയം ഗസക്കെതിരായ സൈനിക നടപടിക്കുള്ള അവകാശത്തെയും ഏകദേശം 2.5 ദശലക്ഷം ഫലസ്തീനികള്‍ക്ക് ലഭിക്കേണ്ട ഭക്ഷണം, വൈദ്യുതി, ഇന്ധനം, വെള്ളം എന്നിവ വെട്ടിക്കുറയ്ക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തെയും ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റാര്‍മര്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നു.
ഗസയില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈല്‍ സൈന്യം വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ ഉത്തരവ് ലേബര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൂടാതെ വരാനിരിക്കുന്ന 2024ലെ യു.കെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.
Content Highlight: Britain’s Labor Party demands an immediate ceasefire in Gaza