ലണ്ടന്‍: ബ്രിട്ടന്റെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ വംശജ സുവെല്ല ബ്രാവര്‍മാന്‍ (Suella Braverman) സ്ഥാനമൊഴിഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ ബ്രാവര്‍മാന്‍, ലിസ് ട്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു ബ്രാവര്‍മാന്‍ ആഭ്യന്തര മന്ത്രി സ്ഥാനമൊഴിഞ്ഞത്.
താന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അതുകൊണ്ടാണ് പുറത്തുപോകേണ്ടി വരുന്നതെന്നും എന്നാല്‍ ലിസ് ട്രസ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും രാജിക്ക് പിന്നാലെ സുവല്ല ബ്രാവര്‍മാന്‍ പ്രതികരിച്ചു.
”ഞാന്‍ ഒരു തെറ്റ് ചെയ്തു, അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു, രാജിവെക്കുന്നു.
ഈ സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നമ്മള്‍ ലംഘിച്ചു,” ലിസ് ട്രസിന് എഴുതിയ കത്തില്‍ ബ്രാവര്‍മാന്‍ പറഞ്ഞു. ഈ കത്ത് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
പാര്‍ലമെന്റിലെ ഒരു സഹപ്രവര്‍ത്തകന് തന്റെ സ്വകാര്യ ഇമെയിലില്‍ നിന്നും ഒരു ഔദ്യോഗിക രേഖ അയച്ചതായി സുവല്ല ബ്രാവര്‍മാന്‍ വ്യക്തമാക്കി. ഇത് ‘സാങ്കേതികമായ നിയമലംഘന’മാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ നിന്നും താന്‍ പുറത്തേക്ക് പോകേണ്ടതുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
ഇന്ത്യന്‍ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്റെ മാതാപിതാക്കളായ ഉമ ഫെര്‍ണാണ്ടസും ക്രിസ്റ്റി ഫെര്‍ണാണ്ടസും 1960കളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്.
2015 മുതല്‍ ബ്രിട്ടനില്‍ പാര്‍ലമെന്റംഗമായ ബ്രാവര്‍മാന്‍ 2018ല്‍ തെരേസ മേയ് സര്‍ക്കാരിന് കീഴില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിട്ടുണ്ട്.
അതിനിടെ ആഭ്യന്തര വകുപ്പിന്റെ പുതിയ സെക്രട്ടറിയായി മുന്‍ ഗതാഗത വകുപ്പ് മന്ത്രി ഗ്രാന്റ് ഷാപ്സനെ (Grant Shapps) നിയമിച്ചു. പ്രധാനമന്ത്രി പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിനെ പിന്തുണച്ചിരുന്നയാള്‍ കൂടിയാണ് ഗ്രാന്റ് ഷാപ്സ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഒരാഴ്ചക്കിടെ ലിസ് ട്രസ് സര്‍ക്കാരില്‍ നിന്നും പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രി കൂടിയാണ് ബ്രാവര്‍മാന്‍.
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ധനകാര്യ മന്ത്രിയായിരുന്ന ക്വാസി ക്വാര്‍ട്ടേങിനെ (Kwasi Kwarteng) ലിസ് ട്രസ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ക്വാര്‍ട്ടേങിനെ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ലിസ് ട്രസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ രാജി വെച്ചതെന്ന് ക്വാര്‍ട്ടേങ് തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ വാഷിങ്ടണില്‍ വെച്ച് നടന്ന ഐ.എം.എഫ് മീറ്റിങ്ങുകളില്‍ പങ്കെടുത്ത് ലണ്ടനിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്വാര്‍ട്ടേങിന്റെ രാജി.
ലിസ് ട്രസ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സാമ്പത്തിക പാക്കേജിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നതിന്റെ സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ധനകാര്യ മന്ത്രിയുടെ രാജിയും.
മാര്‍ക്കറ്റിലെയും രാഷ്ട്രീയരംഗത്തെയും പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലിസ് ട്രസ് ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയതെന്നാണ് സൂചന.
പുതിയ ധനകാര്യ മന്ത്രിയായി ജെറമി ഹണ്ടിനെ (Jeremy Hunt) നിയമിക്കുകയും ചെയ്തിരുന്നു.
മന്ത്രിസഭയില്‍ നിന്നുള്ള തുടര്‍ച്ചയായ രാജികള്‍ ലിസ് ട്രസിന് അധികാരത്തില്‍ തുടരുന്നതിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് വിലയിരുത്തലുകളുണ്ട്.
അതിനിടെ ലിസ് ട്രസിനെ മാറ്റിനിര്‍ത്തി റിഷി സുനകിനെ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നിയമിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. റിഷി സുനക്കിനെ പിന്തള്ളിക്കൊണ്ടായിരുന്നു ഇത്.
Content Highlight: Britain’s interior minister Suella Braverman quits, Grant Shapps replaces