ഉപരോധം നേരിട്ട റഷ്യയേക്കാള്‍ മോശം അവസ്ഥ; 2023ല്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഐ.എം.എഫ്
World News
ഉപരോധം നേരിട്ട റഷ്യയേക്കാള്‍ മോശം അവസ്ഥ; 2023ല്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഐ.എം.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st January 2023, 3:55 pm

ലണ്ടന്‍: 2023ല്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യു.കെയുടെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 0.6ശതമാനമായി ചുരുങ്ങുമെന്നാണ് ഇന്റര്‍നാഷണന്‍ മോണിറ്റര്‍ ഫണ്ടിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ തിരിച്ചടി നേരിടുന്ന ഏക ജി- 7 രാജ്യം ബ്രിട്ടനായിരിക്കുമെന്നും ഐ.എം.എഫിന്റെ പ്രവചനത്തില്‍ പറയുന്നു.

മൂന്ന് മാസം മുമ്പ് ഉപരോധം നേരിട്ട റഷ്യയേക്കാള്‍ വേഗത കുറവാണ് യു.കെ സമ്പദ്വ്യവസ്ഥ നേരിടുന്നത്. ജി-7 ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ ഒക്ടോബര്‍ മുതല്‍ സാമ്പത്തികപരമായി തങ്ങളുടെ നില മെച്ചപ്പെടുകയോ അതേപടി തുടരുകയോ ചെയ്യുമെന്നും ഐ.എം.എഫ് പറഞ്ഞു.

സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടി നേരിട്ടതോടെ യു.കെക്ക് 2023 തികച്ചും വെല്ലുവിളി നിറഞ്ഞ വര്‍ഷമാകുമെന്നും ഐ.എം.എഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പിയറി- ഒലിവിയര്‍ ഗൗറിഞ്ചാസ് പറഞ്ഞു. ബ്രിട്ടന്‍ ഒരു തിരുത്തല്‍ നടപടിക്ക് പോയിട്ടില്ലെങ്കില്‍ കനത്ത വെല്ലുവിളിയാണ് വരാന്‍ പോകുന്നതെന്നും ഐ.എം.എഫ് പറഞ്ഞു.

ഉയര്‍ന്ന നികുതികള്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പരിഷ്‌കരിച്ച പലിശനിരക്കുകള്‍ തുടങ്ങിയവയാണ് രാജ്യത്തിന് ക്ഷീണമുണ്ടാക്കിയതെന്നും ഐ.എം.എഫ് പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ചെറിയ കുറവുണ്ടാകുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനത്തില്‍നിന്ന് 6.1 ശതമാനമാകും എന്നാണ് ഇന്ത്യയെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2023ല്‍ ലോകത്തെ മൂന്നിലൊന്ന് രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് ഐ.എം.എഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം യു.എസിലും യൂറോപ്യന്‍ യൂണിയനിലും ചൈനയിലുമുണ്ടായതിനേക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ഐ.എം.എഫ് പ്രവചിച്ചിരുന്നു.