| Friday, 17th September 2021, 5:07 pm

ബുര്‍ഖ മധ്യകാലഘട്ട വേഷം; ഒരു വികസ്വരരാജ്യവും ഈ വേഷം അനുവദിക്കരുത്; ബ്രിട്ടന്റെ സാംസ്‌കാരിക സെക്രട്ടറിയുടെ പ്രസ്താവന വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇസ്‌ലാമോഫോബിയ വിവാദത്തിലകപ്പെട്ട് ബ്രിട്ടന്റെ പുതുതായി ചുമതലയേറ്റ സാംസ്‌കാരിക സെക്രട്ടറി നദൈന്‍ ഡോറിസ്. മധ്യകാലഘട്ടത്തിലെ ഒരു വസ്ത്രമാണ് ബുര്‍ഖ എന്നായിരുന്നു ഡോറിസിന്റെ പരാമര്‍ശം.

ഇത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണം നിരോധിക്കണമെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് മുന്‍പും 64കാരിയായ ഡോറിസ് വിവാദത്തിലകപ്പെട്ടിരുന്നു.

”ബുര്‍ഖ മധ്യകാലഘട്ടത്തിലെ വേഷമാണ്. അടിച്ചമര്‍ത്തലിന്റേയും വേര്‍തിരിവിന്റേയും വേഷമാണത്. ഇന്നത്തെ സ്വതന്ത്ര സമൂഹത്തില്‍ അതിന് യാതൊരു സ്ഥാനവുമില്ല. ഒരു വികസ്വര രാജ്യവും ഈ വേഷത്തെ അനുവദിക്കരുത്,” ഡോറിസ് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാബിനറ്റ് പുനസംഘടനയുടെ ഭാഗമായാണ് നദൈന്‍ ഡോറിസിനെ ഈ ആഴ്ച മുതിര്‍ന്ന സര്‍ക്കാര്‍ ചുമതലയായ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി നിയമിച്ചത്.

ബോറിസ് ജോണ്‍സണും മുന്‍പ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ട്. ‘ബുര്‍ഖ ഒരു അടിച്ചമര്‍ത്തല്‍ വേഷമാണ്. അത് ധരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ബാങ്ക് കൊള്ളയടിക്കുന്നവരെ പോലെ തോന്നുന്നു’ എന്ന് 2018ല്‍ എം.പിയായിരുന്ന സമയത്ത് ജോണ്‍സണ്‍ ഒരു പത്രത്തില്‍ എഴുതിയിരുന്നു.

പത്രത്തിലെ ഈ ലേഖനത്തെത്തുടര്‍ന്നായിരുന്നു നദൈന്‍ ബുര്‍ഖ നിരോധിക്കണമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. ”സ്ത്രീകള്‍ എന്ത് ധരിക്കണമെന്നത് അവരുടെ അവകാശമാണ്. എന്നാല്‍ ഈ മുസ്‌ലിം യുവതികള്‍ക്ക് ആ അവകാശം ലഭിക്കുന്നില്ല,” എന്നായിരുന്നു നദൈന്റെ പരാമര്‍ശം.

ട്വിറ്റര്‍ യൂസറായ അലീഷ ഖാലിഖ് ഡോറിസിന്റെ ഇത്തരം പരാമര്‍ശങ്ങളെ ചോദ്യം ചെയ്തതിന് മറുപടിയായാണ് അവര്‍ ബുര്‍ഖ ഒരു മധ്യകാലഘട്ട വേഷമാണെന്ന് പ്രതികരിച്ചത്.

മുപ്പത് ലക്ഷം മുസ്‌ലിങ്ങളാണ് ബ്രിട്ടണിലുള്ളത്. യൂറോപ്പിലെ പല രാജ്യങ്ങളിലും ബുര്‍ഖ നിരോധിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Britain’s cultural secretary’s statement on burqa

We use cookies to give you the best possible experience. Learn more