ലണ്ടന്‍: മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇസ്‌ലാമോഫോബിയ വിവാദത്തിലകപ്പെട്ട് ബ്രിട്ടന്റെ പുതുതായി ചുമതലയേറ്റ സാംസ്‌കാരിക സെക്രട്ടറി നദൈന്‍ ഡോറിസ്. മധ്യകാലഘട്ടത്തിലെ ഒരു വസ്ത്രമാണ് ബുര്‍ഖ എന്നായിരുന്നു ഡോറിസിന്റെ പരാമര്‍ശം.
ഇത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണം നിരോധിക്കണമെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് മുന്‍പും 64കാരിയായ ഡോറിസ് വിവാദത്തിലകപ്പെട്ടിരുന്നു.
”ബുര്‍ഖ മധ്യകാലഘട്ടത്തിലെ വേഷമാണ്. അടിച്ചമര്‍ത്തലിന്റേയും വേര്‍തിരിവിന്റേയും വേഷമാണത്. ഇന്നത്തെ സ്വതന്ത്ര സമൂഹത്തില്‍ അതിന് യാതൊരു സ്ഥാനവുമില്ല. ഒരു വികസ്വര രാജ്യവും ഈ വേഷത്തെ അനുവദിക്കരുത്,” ഡോറിസ് പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാബിനറ്റ് പുനസംഘടനയുടെ ഭാഗമായാണ് നദൈന്‍ ഡോറിസിനെ ഈ ആഴ്ച മുതിര്‍ന്ന സര്‍ക്കാര്‍ ചുമതലയായ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി നിയമിച്ചത്.
ബോറിസ് ജോണ്‍സണും മുന്‍പ് ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ട്. ‘ബുര്‍ഖ ഒരു അടിച്ചമര്‍ത്തല്‍ വേഷമാണ്. അത് ധരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ബാങ്ക് കൊള്ളയടിക്കുന്നവരെ പോലെ തോന്നുന്നു’ എന്ന് 2018ല്‍ എം.പിയായിരുന്ന സമയത്ത് ജോണ്‍സണ്‍ ഒരു പത്രത്തില്‍ എഴുതിയിരുന്നു.
പത്രത്തിലെ ഈ ലേഖനത്തെത്തുടര്‍ന്നായിരുന്നു നദൈന്‍ ബുര്‍ഖ നിരോധിക്കണമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. ”സ്ത്രീകള്‍ എന്ത് ധരിക്കണമെന്നത് അവരുടെ അവകാശമാണ്. എന്നാല്‍ ഈ മുസ്‌ലിം യുവതികള്‍ക്ക് ആ അവകാശം ലഭിക്കുന്നില്ല,” എന്നായിരുന്നു നദൈന്റെ പരാമര്‍ശം.