ലണ്ടന്‍: ‘ഹൈ റിസ്‌ക് മൂന്നാം ലോകരാജ്യങ്ങളു’ടെ പട്ടികയില്‍ നിന്നും പാകിസ്ഥാനെ നീക്കം ചെയ്ത് ബ്രിട്ടീഷ് സര്‍ക്കാര്‍. പാകിസ്ഥാന് പുറമെ നിക്കരാഗ്വയെയും ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും യു.കെ നീക്കം ചെയ്തിട്ടുണ്ട്.
ഇറാന്‍, മ്യാന്‍മര്‍, സിറിയ എന്നിവയുള്‍പ്പെടെ 26 രാജ്യങ്ങളാണ് നിലവില്‍ പട്ടികയിലുള്ളത്.
തിങ്കളാഴ്ചയായിരുന്നു പട്ടികയിന്മേല്‍ വരുത്തിയ ഭേദഗതികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
”പുതിയ ലിസ്റ്റില്‍, നിക്കരാഗ്വയും പാകിസ്ഥാനും ഉയര്‍ന്ന അപകടസാധ്യതയുള്ള മൂന്നാംലോക രാജ്യങ്ങളായി തരംതിരിച്ചിട്ടില്ല,” നവംബര്‍ 14ലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക നിയമനിര്‍മാണ രേഖയില്‍ പറയുന്നു.
ലിസ്റ്റില്‍ നിന്നും പാകിസ്ഥാന്റെ പേര് നീക്കം ചെയ്ത കാര്യം പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോ (Bilawal Zardari Bhutto) തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും പങ്കുവെച്ചിട്ടുണ്ട്.
2021 ഏപ്രിലിലായിരുന്നു യു.കെ പാകിസ്ഥാനെ പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
നേരത്തെ, ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഗ്ലോബല്‍ വാച്ച്ഡോഗിന്റെ ‘ഗ്രേ ലിസ്റ്റില്‍’ നിന്നും പാകിസ്ഥാന്റെ പേര് നീക്കം ചെയ്തിരുന്നു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (Financial Action Task Force- FATF) എന്ന സംഘടനയുടെ ഗ്രേ ലിസ്റ്റില്‍ നിന്നാണ് പാകിസ്ഥാനെ നീക്കം ചെയ്തത്. പട്ടികയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഈ നടപടി.
പാരിസില്‍ വെച്ച് നടന്ന എഫ്.എ.ടി.എഫിന്റെ യോഗത്തില്‍ വെച്ചായിരുന്നു തീരുമാനം. ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമടക്കമുള്ള 39 അംഗങ്ങളാണ് എഫ്.എ.ടി.എഫിലുള്ളത്. ഇതില്‍ ജി.സി.സിയും യൂറോപ്യന്‍ കമ്മീഷനും ഉള്‍പ്പെടും.
സാങ്കേതിക പോരായ്മകള്‍ പരിഹരിക്കുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നടത്തുന്നതിനെതിരെ അവര്‍ പോരാടുന്നുണ്ടെന്നും എഫ്.എ.ടി.എഫ് പ്രതികരിച്ചു.
ഗ്രേ ലിസ്റ്റില്‍ പെട്ടത് കാരണം അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഫണ്ടുകള്‍ ലഭിക്കുന്നതിനും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്), വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് നിന്നും സഹായം ലഭിക്കുന്നതിനും പാകിസ്ഥാന് നിരവധി തടസങ്ങളുണ്ടായിരുന്നു.
Content Highlight: Britain removes Pakistan from High Risk Third Countries list