മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത പട്ടിണിയെ അഭിമുഖീകരിച്ച് ബ്രിട്ടന്‍; റിപ്പോര്‍ട്ട്
World News
മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത പട്ടിണിയെ അഭിമുഖീകരിച്ച് ബ്രിട്ടന്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 5:01 pm

ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച പട്ടിണിയാണ് നിലവില്‍ ബ്രിട്ടന്‍ നേരിടുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് (ഡി.ഡബ്ല്യു.പി) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

പ്രധാനമന്ത്രി ഋഷി സുനകിന്റെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജീവിത ചെലവില്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും കണക്കുകളെ ചൂണ്ടിക്കാട്ടി സോഷ്യല്‍ സെക്യൂരിറ്റി മന്ത്രി അലിസണ്‍ മക്ഗവര്‍ണ്‍ പറഞ്ഞു.

സുനക് സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്കും കുട്ടികളെ പട്ടിണിയിലേക്കും തള്ളിവിട്ടുവെന്നും മക്ഗവര്‍ണ്‍ ചൂണ്ടിക്കാട്ടി. പട്ടിണിയുമായി ബന്ധപ്പെട്ട കണക്കുകളിലെ വര്‍ധന വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് യു.കെ ട്രഷറി വക്താവ് സാറ ഓള്‍നി പറഞ്ഞു.

റഷ്യ-ഉക്രൈന്‍ യുദ്ധം, ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ധന, ജീവിത ചെലവിലെ വര്‍ധന, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് യു.കെയെ ദാരിദ്ര്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന നികുതികളും മോര്‍ട്ട്‌ഗേജ് ഗാര്‍ഹിക ബജറ്റുകളെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം 1950കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ജീവിതനിലവാരമാണ് രാജ്യത്തെ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് യു.കെ സര്‍ക്കര്‍ വാദമുയര്‍ത്തി. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ വരുമാനവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ എടുക്കുമെന്ന് സുനക് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

കടുത്ത പട്ടിണിയെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും സര്‍ക്കാരിനെതിരെയും നിലവില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ബ്രിട്ടനിലെ ആപേക്ഷിക ദാരിദ്ര്യം എന്നത് ദേശീയ ശരാശരിയേക്കാള്‍ 40 ശതമാനം താഴെ വരുമാനമുള്ള പൗരന്മാരെ സൂചിപ്പിക്കുന്നതാണ്. രാജ്യം ഇപ്പോള്‍ സമ്പൂര്‍ണ ദാരിദ്ര്യം നേരിടുകയാണ്. അത് നിശ്ചിതമായ ജീവിത നിലവാരം താങ്ങാന്‍ കഴിയാത്ത പൗരന്മാരെ സൂചിപ്പിക്കുന്നു.

Content Highlight: Britain is reportedly facing severe starvation